തിരുവനന്തപുരം> കേരളത്തിലെ കോൺഗ്രസ് സമരാഭാസം ബിജെപി സ്പോൺസർഷിപ്പിലാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളജനതയെ ഒന്നാകെ വെല്ലുവിളിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന കേന്ദ്ര ബഡ്ജറ്റിൽ പകൽപോലെ വ്യക്തമായിട്ടും കേരളത്തിലെ യുഡിഎഫ് നേതൃത്വം അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല.
യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുമായി കോൺഗ്രസ് കേരളസർക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങൾ കേന്ദ്രസർക്കാരിന്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയിൽനിന്ന് മറച്ചുവയ്ക്കാൻ സഹായിക്കുന്നതാണ്.
കേന്ദ്ര സർക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ട്. കേന്ദ്ര സർക്കാരും ബിജെപിയുമാണ് യഥാർഥത്തിൽ കോൺഗ്രസ് സമരത്തിന്റെ ഗുണഭോക്താക്കൾ.
ബിജെപിയെ സഹായിക്കുന്ന ചാവേറുകളായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ല.
കേന്ദ്ര സർക്കാരിന്റെ വഴിവിട്ട ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്ന സാമ്പത്തിക ശക്തികളാണോ കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ സ്പോൺസർമാരെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.