തിരുവനന്തപുരം
സന്നദ്ധ സേവനരംഗത്ത് രാജ്യത്തിന് മാതൃകയായി ‘ടീം കേരള യൂത്ത് ഫോഴ്സ് ’ പ്രവർത്തനസജ്ജമായി. ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയ 2500 പേരടങ്ങുന്ന സംഘത്തിന്റെ പാസിങ് ഔട്ട് പരേഡ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു.
യുവതയെ സന്നദ്ധ സേവനരംഗത്ത് എത്തിക്കാൻ യുവജനക്ഷേമ ബോർഡാണ് പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്തുതല സേനയിൽ രജിസ്റ്റർ ചെയ്ത 17,500 പേരിൽനിന്ന് ശാസ്ത്രീയമായി പരിശീലനം ലഭിച്ച 2500 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്. ഉച്ചയ്ക്കുശേഷം സംസ്കൃത കോളേജിൽനിന്ന് ആരംഭിച്ച ടീം കേരള അംഗങ്ങളുടെ മാർച്ച് പാസ്റ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു.
തുടർന്ന് ചേർന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎൽഎ, ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, അംഗങ്ങളായ വി കെ സനോജ്, ഷെരീഫ് പാലോളി, എസ് കവിത, ഷെനിൻ, പി എം ഷഫീർ അലി, സന്തോഷ് കാല, മെമ്പർ സെക്രട്ടറി വി ഡി പ്രസന്നകുമാർ, എ എം അൻസാരി, ആർ എസ് ചന്ദ്രികാദേവി, സാജൻ എന്നിവർ സംസാരിച്ചു.
ടീം കേരള നാടിന് സാമൂഹ്യസുരക്ഷ ഒരുക്കും: മുഖ്യമന്ത്രി
യുവജനങ്ങളുടെ കർമശേഷി സമൂഹത്തിനായി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവജനങ്ങളുടെ സേവനം താഴേത്തട്ടുവരെ എത്തിക്കാനും സന്നദ്ധ സേവനത്തിൽ യുവജനങ്ങൾക്ക് കൂടുതൽ താൽപ്പര്യമുണ്ടാക്കുകയുമാണ് ടീം കേരളയിലൂടെ ലക്ഷ്യമിടുന്നത്.
ദുരന്തകാലങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും യുവജനങ്ങൾ മുന്നിട്ടിറങ്ങി. കോവിഡ് കാലത്ത് വിവിധ തലങ്ങളിലെ പ്രവർത്തനവുമായി സഹകരിക്കാനും പൊതുജനങ്ങൾക്ക് സഹായമെത്തിക്കാനും തയ്യാറായി. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്തിനെതിരായ പോരാട്ടത്തിൽ ഇവർ മുന്നിലുണ്ടാകും.
യുവജനക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ കേരളത്തിലെ ജീവിതനിലവാരം വികസിത മധ്യവരുമാന രാജ്യങ്ങളിലേതിനു സമാനമാക്കാനാണ് ശ്രമിക്കുന്നത്. അതിന് ഉതകുന്നതാകും യൂത്ത് ഫോഴ്സിന്റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.