കുമളി > നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെ ലൈസൻസില്ലാത്ത തോക്കുകളും തിരകളുമായി പൊലീസ് അറസ്റ്റുചെയ്തു. കിഴക്കയിൽ വീട്ടിൽ ഈപ്പൻ വർഗീസ്(70) ആണ് പിടിയിലായത്.
കുമളി നഗരമധ്യത്തിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പണംവച്ച് ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് പിടികൂടിയത്.
ചീട്ടുകളി കേന്ദ്രത്തിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന ഈപ്പൻ വർഗീസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുറിയിൽ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചുവച്ച തോട്ട ഉപയോഗിക്കുന്ന രണ്ട് നാടൻ തോക്കുകളും രണ്ട് എയർ റൈഫിളുകളും പിടിച്ചെടുത്തത്. കൂടാതെ വെടിമരുന്ന് നിറച്ച തോട്ടകളും വെടിയുണ്ടകളും കണ്ടെത്തി. കാട്ടുപന്നിയുടേതെന്ന് സംശയിക്കുന്ന തേറ്റയും പൊലീസ് പിടികൂടി. 2022 നവംബറിൽ പൊലീസ് ഇവിടെനിന്ന് ചീട്ടുകളി സംഘത്തെ 2,51,000 രൂപ സഹിതം പിടികൂടിയിരുന്നു.
മോഷണം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിലാണ് ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടത്. ഭാര്യയും മക്കളും വിദേശത്തായതിനാൽ കുമളിയിൽ തമിഴ്നാട് വനാതിർത്തിയോട് ചേർന്ന് കെട്ടിടം നിർമിച്ച് അവിടെ ചീട്ടുകളി ക്ലബ്ബും വന്യമൃഗ വേട്ടയും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും സ്ഥിരമായി നടത്തി വരുന്നതായി പൊലീസ് പറഞ്ഞു. നിരന്തരം കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതായി തമിഴ്നാട് ഫോറസ്റ്റ് ഇന്റലിജൻസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് കേരള പൊലീസിന്റെ പിടിയിലായത്.
പണംവച്ച് ചീട്ടുകളി നടത്തിയ അരുവിത്തുറ തെക്കേക്കര കൊച്ചുപറമ്പിൽ ഹബീബ്, കടുവാമുഴി വാഴമറ്റം വീട്ടിൽ മുഹമ്മദ് റസ്സി, ഏലപ്പാറ മാർക്കറ്റ് ഭാഗത്ത് മാത്യു പോൾ, കട്ടപ്പന വേലമ്മമാവ്കുടിയിൽ ജയ്മോൻ, തെക്കേക്കര പുലിയാനിക്കൽ ആബില് ബഷീർ, തലപ്പലം കീരിയാത്തോട്ടം ഹാരിസ്, കുമളി അട്ടപ്പള്ളം ഇട്ടിവിളയിൽ സാജൻ, കട്ടപ്പന 20 ഏക്കർ മട്ടക്കൽ വീട്ടിൽ ഷൈജോ, തോപ്രാംകുടി കൈപ്പൻപ്ലാക്കൽ ജിനേഷ് എന്നിവരെയും ഇവരിൽനിന്ന് 1,30,040 രൂപയും ചീട്ടും പിടികൂടി. കുമളി സർക്കിൾ ഇൻസ്പെക്ടർ ജോബിൻ ആന്റണി, എസ്ഐമാരായ പി ഡി അനൂപ് മോൻ, സജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ എ സിയാദുധീന്, സിനോജ്, സതീഷ്, ജോബിൻ ജോസ് എന്നിവരും അന്വേഷകസംഘത്തിൽ ഉണ്ടായി.