മുഹമ്മ (ആലപ്പുഴ ) > കായിപ്പുറം ജെട്ടിയിൽ നിർമ്മാണത്തിലിരുന്ന പുരവഞ്ചി കത്തി നശിച്ചു. ആളപായമില്ല. പണി പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ നീറ്റിലിറക്കാനിരുന്നതാണ്. 90 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലപ്പുഴ തോണ്ടൻകുളങ്ങര, കൊച്ചു പറമ്പിൽ പ്രവാസി പ്രദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് പുരവഞ്ചി. വ്യാഴം പകൽ മൂന്നോടെയാണ് സംഭവം.
നാലു മുറിയുള്ള പുരവഞ്ചിയുടെ അവസാനഘട്ട പണി നടക്കുന്നതിനിടെയാണ് തീപിടിത്തം. അലങ്കാരപണി ചെയ്യുന്ന തൊഴിലാളികളും ഏതാനും ജീവനക്കാരും പുരവഞ്ചിയിലുണ്ടായിരുന്നു. ഇവർ പണി ചെയ്യുന്നതിനിടെ തീപ്പൊരിവീണ് പെട്ടെന്നു കത്തിയമരുകയായിരുന്നു. തീ പടർന്ന ഉടനെ സമീപത്ത് കക്കാ കഴുകുന്ന മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു തീ അണച്ചു. ഇതിനാൽ, സമീപത്ത് ഉണ്ടായിരുന്ന മറ്റ് പുരവഞ്ചികളിലേക്ക് തീ പടർന്നില്ല.
കിളിയം വെളി രാധാകൃഷ്ണൻ, തൈ പറമ്പ് ബൈജു, കണിയാംപറമ്പ് എന്നിവർ ചേർന്ന് തീ അണച്ചു. ഇതിനാലാണ് പുരവഞ്ചിക്ക് അകത്തുണ്ടായിരുന്നവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്. ചേർത്തലയിൽ നിന്നും അഗ്നിരക്ഷസേനയുടെ രണ്ട് യൂണിറ്റ് സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിൽ എത്തിയിരുന്നു. മുഹമ്മ പൊലീസും റെസ്ക്യൂബോട്ടും സംഭവസ്ഥലത്ത് എത്തിയിരുന്നു.