ദുബായ്
ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊല്ലാൻ ശ്രമിച്ചയാൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ ഫൗണ്ടേഷൻ. അക്രമിക്കോ അയാളുടെ പ്രതിനിധിക്കോ ആയിരം ചതുരശ്ര മീറ്റർ കൃഷിയിടം നൽകുമെന്നാണ് ഇമാം ഖൊമനേയിയുടെ ഫത്വകൾ നടപ്പാക്കുന്ന സമിതിയുടെ സെക്രട്ടറി മൊഹമ്മദ് ഇസ്മായിൽ സരേയിയുടെ പ്രഖ്യാപനം. റുഷ്ദിയെ മൃതതുല്യനാക്കാൻ കഴിഞ്ഞ അക്രമിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഷതാക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഭാഷണത്തിനെത്തിയപ്പോഴാണ് അമേരിക്കക്കാരനായ ഷിയ മുസ്ലിം വിഭാഗക്കാരൻ റുഷ്ദിയെ കുത്തിവീഴ്ത്തിയത്. പരിക്കേറ്റ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ ചലനവും നഷ്ടമായി. സാത്താനിക് വേഴ്സസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 1989ൽ ഇറാൻ പരമോന്നത നേതാവായിരുന്ന അയത്തൊള്ള റുഹൊള്ള ഖൊമേനി റുഷ്ദിയെ വധിക്കാൻ ഫത്വ ഇറക്കിയിരുന്നു.















