തൃശൂർ> അഞ്ച് വയസുകാരനെ ഇരുമ്പു വടി കൊണ്ട് തലക്കടിക്കുകയും മർദ്ദിക്കുകയും ചെയ്ത കൊലക്കേസ് പ്രതിക്ക് 10 കൊല്ലം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. വിയ്യൂർ പാടൂക്കാട് അന്തിമുളൻകാവ് വീട്ടിൽ രാമനെയാണ് (58) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്.
2021 മാർച്ച് 23 നാണ് സംഭവം. പ്രതിയുടെ വീടിന്റെ മുന്നിൽ സൈക്കിൾ ചവിട്ടി കളിച്ചതിനാണ് കുട്ടിയെ പ്രതി ക്രൂരമായി ആക്രമിച്ചത്. കുട്ടിയെ സൈക്കിളിൽ നിന്ന് തള്ളി താഴെയിട്ട് ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും വായിൽ കൈയ്യിട്ട് ശ്വാസം മുട്ടിക്കുകയും ചെയ്തു. സംഭവം കണ്ട് ഓടി വന്ന നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. വിയ്യൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതി 2002-ൽ തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. 18വർഷം ജയിൽ വാസം കഴിഞ്ഞ് തിരികെ എത്തിയതിന് ശേഷമാണ് ഈ സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ ബി സുനിൽ കുമാർ, ലിജി മധു എന്നിവർ ഹാജരായി.















