കോഴിക്കോട്> സമസ്ത യുവജനവിഭാഗത്തിന്റെ വിലക്ക് ലംഘിച്ച് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശവിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ പുറത്താക്കിയ അബ്ദുൾ ഹക്കീ ഫൈസി ആദൃശ്ശേരിയുടെ കൂടെയാണ് സാദിഖലി കഴിഞ്ഞ ദിവസം വേദി പങ്കിട്ടത്. നാദാപുരത്ത് വാഫി കോളജ് ഉദ്ഘാടന ചെയ്ത തങ്ങൾ- വഫിയ്യ കോഴ്സിനെയും പുകഴ്ത്തി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്ക നടപടി സ്വീകരിച്ച ഇദ്ദേഹത്തിനൊപ്പം സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്നായിരുന്നു എസ്വൈഎസിന്റെ തീരുമാനം. ആ തീരുമാനമാണ് സംസ്ഥാന പ്രസിഡന്റ് തന്നെ ലംഘിച്ച് നേതൃത്വത്തെ വെല്ലുവിളിച്ചത്. സംഘനാവിരുദ്ധനൊപ്പം വേദി പങ്കിട്ട അദ്ദേഹം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആക്ഷേപം. അച്ചടക്കം ലംഘിച്ച അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ബുധനാഴ്ച ചേരുന്ന യോഗം ഗൗരവമായി ചർച്ചചെയ്യുമെന്നും അറിയുന്നു.
ഹക്കീം ഫൈസി സിഐസി ഭാരവാഹിയായി തുടരുന്ന സാഹചര്യത്തിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജുമായുള്ള എല്ലാ ബന്ധവും കഴിഞ്ഞ ദിവസം സമസ്ത ഉപേക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് സമസ്ത യുവജന വിഭാഗമായ എസ്വൈഎസ് യോഗം ചേർന്ന് ഹക്കീം ഫൈസിയുമായി വേദി പങ്കിടരുതെന്ന കർശന നിർദ്ദേശം സാദിഖലി തങ്ങൾക്ക് നൽകിയത്. ഹക്കീം ഫൈസി ജനറൽ സെക്രട്ടറിയായ സിഐ സി നേരിട്ട് തുടങ്ങിയ സ്ഥാപനമാണ് നാദാപുരത്തെ കോളേജ്. ഉദ്ഘാടനത്തിൽ സാദിഖലി തങ്ങൾ പങ്കെടുക്കുമെന്ന് മനസിലാക്കിയാണ് അദ്ദേഹത്തിന്റെ അഭാവത്തിൽ കഴിഞ്ഞദിവസം യോഗം ചേർന്ന് തീരുമാനമെടുത്തത്. കൂടാതെ വിപുലമായ സംസ്ഥാനതല പ്രവർത്തക സംഗമം ഉടൻ കോഴിക്കോട് വിളിച്ചു ചേർക്കാനും തീരുമാനിച്ചിരുന്നു.















