പാലക്കാട്> രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 63,50000 രൂപയും 50000 രൂപ വിലമതിക്കുന്ന യുകെ പൗണ്ടുമായി രണ്ടുപേരെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പിടികൂടി. കോട്ടയം ഈരാറ്റുപേട്ട വെട്ടിക്കൽ വീട്ടിൽ നജീബ് (57), നടക്കൽ ദേശത്ത് കണ്ടത്തിൽ വീട്ടിൽ സവാദ് (47) എന്നിവരെ അറസ്റ്റ് ചെയ്തു.
കാരയ്ക്കൽ എറണാകുളം ടീ ഗാർഡൻ എക്സ്പ്രസിൽ തൃശ്ശനാപള്ളിയിൽ നിന്നും ആലുവയിലേക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിലായിരുന്നു ഇരുവരും. ബാഗിൽ പുസ്തകമെന്ന് തോന്നിക്കും വിധം പാക്ക് ചെയ്ത നിലയിലായിരുന്നു പണം. തുടരന്വേഷണത്തിനായി ഇരുവരെയും ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി.
ആർപിഎഫ് സിഐ സൂരജ് എസ് കുമാർ, എസ്ഐ യു രമേഷ്, അസിസ്റ്റന്റ് എസ്ഐമാരായ സജി അഗസ്റ്റിൻ, ഷാജുകുമാർ, മനോജ്, കോൺസ്റ്റബിൾമാരായ പ്രജീഷ്, വീണാ ഗണേഷ് എന്നിവരാണ് പണം പിടികൂടിയത്.















