കോഴിക്കോട് > ഇന്ത്യയിലെ മുസ്ലിങ്ങളെ പ്രതിനിധീകരിച്ച് ആർഎഎസ്എസുമായി ചർച്ചനടത്താൻജമാഅത്തെ ഇസ്ലാമിയെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം അസ്ഹരി ചോദിച്ചു. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽമാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മുസ്ലിങ്ങളിൽ ഒരുശതമാനംപോലും ജമാഅത്തെ ഇസ്ലാമിക്കാരില്ല. സർക്കാർ ഔദ്യോഗിക ചടങ്ങുകളിലെല്ലാം സുന്നി സംഘടനകളെയാണ് സമുദായ പ്രതിനിധികളായി ക്ഷണിക്കാറുള്ളത്. ഗ്രാന്റ് മുഫ്തിമാരെയാണ് വിദേശ പ്രതിനിധികൾവരുമ്പോഴും മറ്റും വിളിക്കാറുള്ളത്. ഇന്ത്യയിലെ ഏത് സംഘടനക്കും ആരുമായും ചർച്ചനടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എന്താണ് ചർച്ചയുടെ ഉള്ളടക്കം എന്നതാണ് വിഷയം. തങ്ങളൊഴികെയുള്ള എല്ലാ സംഘടനകളെയും നിശിതമായി വിമർശിക്കുന്നവരാണ് അവർ. അതുകൊണ്ടാണ് ജമാഅത്ത് ചർച്ചക്ക് ഏറെ വാർത്താപ്രാധാന്യം കൈവന്നതെന്നും അദ്ദേഹം പറഞ്ഞു.















