തൃശ്ശൂർ > കേരള സംഗീത നാടക അക്കാദമിക്ക് എതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് അക്കാദമിയുടെ യശസ്സ് കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അക്കാദമിക്കെതിരെയും കലാകാരന്മാര്‍ക്കെതിരെയും പൊതുജനവികാരം ഇളക്കിവിടാനുള്ള ഗൂഢശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍.
അക്കാദമിയുടെ മുന്‍ ചെയര്‍മാനും പ്രശസ്ത ചലച്ചിത്ര നടനുമായ മുരളിയുടെ വെങ്കലപ്രതിമ നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്ത ശില്പി വില്‍സണ്‍ പൂക്കായി അക്കാദമിയില്‍ നിന്നും മുന്‍കൂറായി കൈപ്പറ്റിയ തുകയായ 5,70,000 രൂപ എഴുതിത്തള്ളുന്നതിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. ഇതിനെതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. മുരളിയുടെ വെങ്കല ശില്പം നിര്‍മ്മിക്കുന്നതിന് കെ.പി.എ.സി ലളിത ചെയര്‍പേഴ്സണും എന്‍ രാധാകൃഷ്ണന് നായര്‍ സെക്രട്ടറിയുമായ അക്കാദമി നിര്‍വ്വാഹക സമിതിയാണ് തീരുമാനം കൈകൊണ്ടത്.നിര്‍മ്മാണച്ചെലവുകള്‍ക്ക് കരാര്‍തുകയില്‍ 5,70,000 രൂപ മുന്‍കൂര്‍ ആയി ശില്പി വില്‍സണ്‍ പൂക്കായിക്ക് നല്‍കിയിരുന്നെങ്കിലും ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജ് അതിന്റെ മൗള്‍ഡ് കണ്ട് അംഗീകരിച്ചാല്‍ മാത്രമേ മുഴുവന്‍പണം നല്കു എന്നതായിരുന്നു കമ്മിറ്റിയുടെ തീരുമാനം.
അദ്ദേഹം നടത്തിയ പരിശോധനയില്‍ വില്‍സണ്‍ പൂക്കായി നിര്‍മ്മിച്ച പ്രതിമയ്ക്ക് മുരളിയുമായി യാതൊരു രൂപസാദൃശ്യവുമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ആ കരാറില്‍ നിന്ന് സംഗീത നാടക അക്കാദമി പിന്മാറുകയും മുന്‍കൂര്‍തുകയായ 5,70,000 രൂപ ശില്പി തിരിച്ചടക്കണമെന്ന് അക്കാദമി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തുക തിരിച്ചടയ്ക്കാന്‍ സാമ്പത്തികമായി ശേഷിയില്ലെന്ന ശില്പിയുടെ നിവേദനം അംഗീകരിച്ച് സര്‍ക്കാര്‍ തുക എഴുതിത്തള്ളി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ ശില്പി മുന്‍കൂറായി സ്വീകരിച്ച തുക എഴുതിതള്ളിയ വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന കരിങ്കല്ലില്‍ തീര്‍ത്ത ശില്പത്തിന്റെ ചിത്രത്തിന് ഈ വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ല.വില്‍സണ്‍ പൂക്കായി തുക കൈപ്പറ്റിയല്ലാതെ വെങ്കല പ്രതിമ നിര്‍മ്മിച്ച് അക്കാദമിക്ക് കൈമാറിയിട്ടില്ല. ഈ വാര്‍ത്തയോടൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം 2010 ല്‍ കവി രാവുണ്ണി സെക്രട്ടറിയായിരുന്ന കാലത്ത് തൃശ്ശൂരിലെ ശില്പി രാജന്റെ അഭ്യര്‍ത്ഥനയനുസരിച്ച് അദ്ദേഹം നിര്‍മ്മിച്ച നടന് മുരളിയുടെ ഒരു കഥാപാത്രമായ ലങ്കാലക്ഷമിയിലെ രാവണന്റെ ഒരു ഭാവരൂപമായിരുന്നു അത്. അക്കാദമി തിയറ്ററില്‍ അവതരിപ്പിച്ച ഏകപാത്രനാടകമാണ് ലങ്കാലക്ഷ്മി.
സി എന്‍ ശ്രീകണ്ഠന് നായരുടെ നാടകത്തെ അടിസ്ഥാനമാക്കി മുരളി അവതരിപ്പിക്കുകയും അനശ്വരമാക്കുകയും ചെയ്ത രാവണന്റെ വേഷം സര്‍വ്വത്ര അംഗീകരിക്കപ്പെട്ടിരുന്നു. മുരളിയുടെ വിയോഗത്തിനുശേഷം അദ്ദേഹം അവതരിപ്പിച്ച രാവണവേഷം കരിങ്കലില്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ശില്പി രാജന് അക്കാദമിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഥാപാത്രത്തിന്റെ ശില്പം എന്ന ആശയം അംഗീകരിച്ച് അതിന് അനുമതി നല്‍കുകയാണ് 2010 ല്‍ അക്കാദമിയുടെ ഭരണ സമിതി ചെയ്തത്. ലങ്കാലക്ഷ്മി നാടകത്തിലെ ചിത്രം നോക്കിയാണ് രാജന് ഈ ശില്പം രചിച്ചത്. ശില്പത്തിന്റെ ശിലാഫലകത്തില്‍ രാവണകഥാപാത്രത്തിന്റെ ഭാവരൂപം എന്ന് അന്നുതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. നടന് മുരളിയുടെ ചിത്രം എന്നല്ല രാവണന്റെ ശില്പം എന്നാണ് ഫലകത്തില്‍ എഴുതിയിട്ടുള്ളത്. കഴിഞ്ഞ 12 വര്‍ഷമായി ഈ ശില്പം അക്കാദമി തിയറ്ററിന്റെ മുന്നില്‍ തന്നെയുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.
ഈ വാസ്തവത്തിനെ വളച്ചൊടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അക്കാദമിക്കെതിരെ നിരന്തരം കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് സെക്രട്ടറി മുന്നറിയിപ്പ് നല്കി. പതിമൂന്നാമത് ഇറ്റ്ഫോക്കിന്റെ ചരിത്രവിജയത്തിന്റെ നേട്ടവുമായി നിൽക്കുന്ന സംഗീത നാടക അക്കാദമിയെ കരിവാരിത്തേക്കുന്നതിനുള്ള പരിശ്രമം കൂടി ഈ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നിലുണ്ട്. വസ്തുതകള്‍ തിരിച്ചറിഞ്ഞ് സത്യത്തോടൊപ്പം നില്‍ക്കണമെന്നും വ്യാജവാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആരും ഷെയര്‍ ചെയ്യരുതെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.