തൃശൂർ
‘ആംബുലൻസെത്താൻ സമയമെടുത്തു, അപകടം നടന്നയുടൻ പ്രദേശത്തെ ആരുംതന്നെ രക്ഷാപ്രവർത്തനത്തിന് തുനിഞ്ഞില്ല. ബസിൽനിന്ന് പുറത്തെത്തിയ ഞങ്ങൾതന്നെ രക്ഷാപ്രവർത്തകരായി മാറുകയായിരുന്നു. തലപൊട്ടി ചോര ഒലിച്ചുനിന്ന അവസ്ഥയിലും ആശുപത്രിയിലെത്തിക്കാനോ മറ്റ് സഹായത്തിനോ ആളുകൾ തയ്യാറായില്ല’. മധ്യപ്രദേശിൽ ബസപകടത്തിൽപെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥിയുടെ വാക്കുകൾ. ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥിസംഘം സഞ്ചരിച്ച ബസ് മധ്യപ്രദേശിലെ റായ്പുരയിലെ കട്നിയിൽ താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ മധ്യപ്രദേശുകാരനായ ബസ് ക്ലീനർ മരിച്ചു. രണ്ട് അധ്യാപകർക്കും അഞ്ച് വിദ്യാർഥികൾക്കും പരിക്കേറ്റു.
ജിയോളജി വിഭാഗം അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി മധ്യപ്രദേശിലേക്ക് പോയതായിരുന്നു. റോഡിലെ കുഴി ഒഴിവാക്കാൻ ഡ്രൈവർ ബസ് ഒരുവശത്തേയ്ക്ക് ഒതുക്കിയപ്പോഴാണ് അപകടമുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു. ബസിന്റെ പിറകുഭാഗമാണ് ആദ്യം മറിഞ്ഞത്. വണ്ടിക്ക് വേഗം കൂടിയതും അപകടത്തിന് കാരണമായി. 39 പേരാണ് ബസിലുണ്ടായിരുന്നത്. സൈറ്റ് സന്ദർശനം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു സംഘം. ആകെ 75 വിദ്യാർഥികളും ആറ് അധ്യാപകരുമാണ് മധ്യപ്രദേശിലേക്ക് യാത്ര പോയത്. കേരളത്തിൽനിന്ന് ട്രെയിൻമാർഗം യാത്ര തിരിച്ച സംഘം മധ്യപ്രദേശിൽ എത്തിയശേഷം രണ്ടുബസ് വാടക്കയ്ക്കെടുക്കുകയായിരുന്നു.
മുന്നിൽ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ സഞ്ചരിച്ച ബസ് അപകടം അറിയാതെ സംഭവസ്ഥലവും കടന്ന് ഏറെ ദൂരം പോയിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും കണ്ടുമുട്ടാത്തതോടെ ആദ്യ ബസിലെ അധ്യാപകരെ ഫോൺ ചെയ്തു. മറുപടിയൊന്നും ലഭിച്ചില്ല. തൊട്ടുപിറകേ കാറിൽ വന്നരാണ് ബസ് താഴ്ചയിൽ വീണ വിവരം അറിയിച്ചത്. 15 മിനിറ്റിനുശേഷമാണ് ഇവർ
അപകട സ്ഥലത്തെത്തിയത്. രണ്ട് ബസിന്റെയും ഡ്രൈവർമാർ അപകടം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. ആബുലൻസെത്താൻ വൈകിയതോടെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നുപോയിരുന്നെങ്കിലും ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. ഒരു അധ്യാപകനും ഒരു വിദ്യാർഥിക്കും സാരമായ പരിക്കുണ്ട്. അധ്യാപകനായ ലിന്റോവിന് കാലിനും വിദ്യാർഥി എഡ്വേർഡിന് തലയ്ക്കുമാണ് പരിക്ക്. ഇവരെ മധ്യപ്രദേശിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘം 14നാണ് തൃശൂരിൽനിന്ന് ട്രെയിനിൽ യാത്രതിരിച്ചത്. പത്തുദിവസത്തെ ഫീൽഡ് ട്രിപ്പാണ് ആസൂത്രണം ചെയ്തിരുന്നത്.