കോഴിക്കോട്
ജൈവ വൈവിധ്യ വിഭവങ്ങളെയും മൂല്യവർധിത ഉൽപ്പന്നങ്ങളെയും സംരക്ഷിച്ചും ഉൽപ്പാദനം വർധിപ്പിച്ചും പ്രാദേശികമായി ജീവനോപാധി മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ജൈവ വൈവിധ്യവും ഉപജീവനവും’ വിഷയത്തിലുള്ള കോൺഗ്രസിന്റെ ആശയങ്ങൾ നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവരണം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഒട്ടേറെ സംഭാവന നൽകാൻ ഈ ഉദ്യമത്തിന് സാധ്യമാവുമെന്നും രണ്ടാമത് സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ജൈവ വൈവിധ്യ സംരക്ഷണം ജനകീയ ദൗത്യമാക്കണം. പ്രാദേശിക ജൈവ വൈവിധ്യ പരിപാലന സമിതികൾ സജീവമാണോയെന്ന് പരിശോധിച്ച്, കാലാനുസൃതമായി പരിഷ്കരിക്കണം. കേരളത്തിന്റെ ഔഷധ സസ്യസമ്പത്ത് സംബന്ധിച്ച് വിപുലമായ ഗവേഷണം നടക്കേണ്ടതുണ്ട്. അത് ഔഷധ–-ആരോഗ്യ –-വാണിജ്യ മേഖലയിൽ വലിയ സാധ്യതകൾ സൃഷ്ടിക്കും. പരമ്പരാഗത മേഖലയിൽ അസംസ്കൃത സാമഗ്രികൾ കിട്ടാതെ തൊഴിലാളികൾ കൊഴിഞ്ഞു പോകുന്നു. അസംസ്കൃത വസ്തു ലഭ്യതയ്ക്ക് കർമപദ്ധതി തയ്യാറാക്കണം. പമ്പാ നദീതട ജൈവ വൈവിധ്യ പുനരുജ്ജീവന പദ്ധതി മാതൃകയിൽ ഓരോ പ്രദേശത്തിന്റെയും ജൈവ വൈവിധ്യം തിരിച്ചുപിടിക്കണം. ഭക്ഷ്യ യോഗ്യമായ ജൈവ വൈവിധ്യ മൂല്യവസ്തുക്കളുടെ സാധ്യത ഉറപ്പാക്കുന്നത് കാർഷിക മേഖലയ്ക്ക് വലിയ ഊർജം നൽകും. ജൈവവൈവിധ്യ പരിപാലനം കൂടുതൽ ശാസ്ത്രീയവും മെച്ചപ്പെട്ടതുമാകണമെന്നും അദ്ദേഹം പറഞ്ഞു. ജൈവ വൈവിധ്യ പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷനായി.