കാഞ്ഞങ്ങാട്> ‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി കെഎസ്ടിഎയുടെ 32ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. അലാമിപ്പള്ളി നഗരസഭ ബസ്സ്റ്റാൻഡ് പരിസരത്തെ ടി ശിവദാസമേനോൻ നഗറിൽ സിപിഎ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധീകരിച്ച് 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 284 വനിതകളും ഉൾപ്പെടെ 964 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്ഡി സുധീഷ് അധ്യക്ഷനായി. സി സി വിനോദ്കുമാർ രക്തസാക്ഷി പ്രമേയവും പി ജെ ബിനേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എം വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
വൈകിട്ട് അഞ്ചിന് ‘വർഗീയതയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയും’ എന്ന വിഷയത്തിൽ എം സ്വരാജ് പ്രഭാഷണം നടത്തും. തിങ്കൾ രാവിലെ ഒമ്പതരക്ക് വിദ്യാഭ്യാസ സൗഹൃദ സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് അധ്യാപകലോകം അവാർഡ് വിതരണം ചെയ്യും. പകൽ രണ്ടിന് ഹൊസ്ദുർഗ് സ്മൃതി മണ്ഡപത്തിൽ നിന്നും അധ്യാപകരുടെ പൊതുപ്രകടനം ആരംഭിക്കും. തുടർന്ന് അലാമിപ്പള്ളി കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ആറരക്ക് പുതിയ സംസ്ഥാന കൗൺസിലിനെ തെരഞ്ഞെടുക്കും. ചൊവ്വ പകൽ രണ്ടിന് യാത്രയയപ്പ് സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.