ഒറ്റപ്പാലം മുഖ്യതപാൽ ഓഫീസിലെ പോസ്റ്റൽ അസിസ്റ്റന്റ് എന്ന പദവിയിൽനിന്ന് ആദ്യചുവടുവയ്പ്പിൽതന്നെ ഹിറ്റടിച്ച മലയാള സിനിമയുടെ സംവിധായകൻ എന്ന മേൽവിലാസത്തിലേക്ക് ജീവിതം മാറിയതിന്റെ ത്രില്ലിലാണ് രോഹിത് എം ജി കൃഷ്ണൻ. സഹസംവിധായകനായി പ്രവർത്തിച്ച അനുഭവസമ്പത്തോ, കൈപിടിച്ചുകൊണ്ടുവരാൻ സുഹൃത്തുക്കളോ ഗുരുക്കൻമാരോ ഇല്ലാതെ ഇറങ്ങിപ്പുറപ്പെട്ട രോഹിത് ഒടുവിൽ സ്വന്തം ഇടം കണ്ടെത്തിയിരിക്കുന്നു. ആദ്യ സിനിമയിൽ തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കാൻ കഴിഞ്ഞതുതന്നെ ഒരു പുതുമുഖക്കാരന് ലഭിക്കുന്ന വലിയ അംഗീകാരമാണ്. ‘നിരന്തരം പരിശ്രമിച്ചാൽ വിജയത്തിലേക്കെത്താം’ എന്നതാണ് അദ്ദേഹത്തിന്റെ അനുഭവം. മലയാളത്തിലെ മികച്ച ‘ഇമോഷണൽ ത്രില്ലർ’ എന്ന അഭിപ്രായംനേടി ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച് മുന്നേറുന്ന ‘ഇരട്ട’യുടെ സംവിധായകൻ ദേശാഭിമാനിയോട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ആദ്യ പരിശ്രമം ഇരട്ട വിജയം
വിഷയത്തെക്കുറിച്ച് കുറേക്കാലം പഠനം നടത്തിയശേഷമാണ് സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിയത്. സിനിമ ആളുകളെ ഞെട്ടിക്കും എന്നു കരുതിത്തന്നെയാണ് എഴുതിയത്. സിനിമ കണ്ടിറങ്ങുന്ന ആളുകളിൽ വൈകാരികതയും ഞെട്ടലും ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. അതേസമയം ആളുകൾ എങ്ങനെയെടുക്കുമെന്നും ടെൻഷനടിച്ചിരുന്നു. ഇപ്പോൾ എല്ലാം ഓകെ ആയതിൽ സന്തോഷം.
രോഹിത് എം ജി കൃഷ്ണൻ
കരുത്തായത് ഷോർട്ട്ഫിലിം മേക്കിങ്
സിനിമ എന്ന ലക്ഷ്യത്തോടെയുള്ള യാത്രയിലായിരുന്നു. ഷോർട്ട്ഫിലിമുകൾ സംവിധാനംചെയ്തുകൊണ്ടാണ് തുടക്കം. മറ്റ് അനുഭവസമ്പത്തൊന്നുമില്ലായിരുന്നു. സ്വന്തമായി സംവിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സാജിദ് യഹിയയേയും ജോജു ജോർജിനെയുമെല്ലാം സമീപിച്ചത്. അവർക്കും അത് ഓകെ ആയിരുന്നു. അങ്ങനെയാണ് സംവിധായകനാകുന്നത്.
പുതിയൊരാൾക്കു ലഭിച്ച സ്വീകരണം
ഇൻഡസ്ട്രിയുടെ ഉള്ളിലുള്ളയാളും പുറത്തുള്ളയാളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അത് ബ്രേക്ക് ചെയ്തു കയറുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു അവസരത്തിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം.
നെഗറ്റീവ് റിവ്യൂസിനെക്കുറിച്ച്
ഇരട്ടയ്ക്ക് നെഗറ്റീവ് റിവ്യൂ കുറവായിരുന്നു. കാശുകൊടുത്ത് തീയറ്ററിൽപോയി സിനിമകാണുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. അത് നെഗറ്റീവായാലും പോസിറ്റീവായാലും മാനിക്കണം.
പുതിയ പ്രോജക്ടുകൾ
രണ്ടാമത്തെ സിനിമയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ്. ചർച്ചകൾ പുരോഗമിക്കുന്നു. ഇരട്ടയോടൊപ്പം വേറെയും ചില തിരക്കഥകൾ എഴുതി പൂർത്തിയാക്കിയിരുന്നു. ഒരു ബോളിവുഡ് നിർമാണ കമ്പനിയും സമീപിച്ചിട്ടുണ്ട്. അവർക്കുവേണ്ടി എഴുതാനുള്ള അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട്.