ആലുവ
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം ആരംഭിച്ചു. ശനി അർധരാത്രിയോടെ തുടങ്ങിയ ബലിതർപ്പണത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകളാണ് ബലിതർപ്പണത്തിന് എത്തിയത്. അമാവാസി അവസാനിക്കുന്ന, തിങ്കൾ പകൽ 11 വരെ ബലിതർപ്പണം തുടരും. ശനി രാവിലെമുതൽ വലിയതോതിൽ ആളുകൾ മണപ്പുറത്തേക്ക് എത്തിയിരുന്നു. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം നടന്ന ബലിതർപ്പണത്തിന് ഞായർ പുലർച്ചെവരെ വൻ തിരക്കായിരുന്നു. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ 116 ബലിത്തറകളാണ് ലേലത്തിലെടുത്തത്. ഇവിടെ ഒരേസമയം 5000 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. വിപുലമായ ഒരുക്കങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മണപ്പുറത്ത് തയ്യാറാക്കിയത്.
ശനി രാവിലെമുതൽ ക്ഷേത്രദർശനത്തിനും തിരക്കേറി. തിരക്ക് നിയന്ത്രിക്കാനും ബലിതർപ്പണത്തിന് പുഴയിലിറങ്ങുന്നവർക്ക് സുരക്ഷയ്ക്കായും മണപ്പുറത്തും പുഴയിലും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. അഗ്നി രക്ഷാസേനയുടെ ബോട്ടുകൾ പെരിയാറിൽ റോന്തുചുറ്റി. മണപ്പുറത്തും പരിസരത്തും സ്ഥാപിച്ച സിസിടിവി ക്യാമറയിലൂടെ പൊലീസും ദേവസ്വം ബോർഡും സ്ഥിതിഗതികൾ തത്സമയം നിരീക്ഷിച്ചു. റൂറൽ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ 1250 പൊലീസുകാരാണ് സുരക്ഷ ഒരുക്കിയത്. ഞായർ പകൽ രണ്ടുവരെ ഗതാഗത നിയന്ത്രണം തുടരും. ബലിതർപ്പണം നടത്തിയവർക്ക് തിരിച്ചുപോകാൻ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തി. ആരോഗ്യവിഭാഗം ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കി. അണുനശീകരണവും നടത്തി.
ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ സൗജന്യ ശുദ്ധജലവിതരണവും ചുക്കുകാപ്പി വിതരണവും നടത്തി. മണപ്പുറത്ത് ബംഗളൂരു കേന്ദ്രമായ ഫൺ വേൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും. പൊടിശല്യം കുറയ്ക്കാൻ നടവഴികളിലും സ്റ്റാളുകളിലും പരവതാനി വിരിച്ചിട്ടുണ്ട്. അദ്വൈതാശ്രമത്തിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി. സെക്രട്ടറി സ്വാമി ധർമചൈതന്യ നേതൃത്വം നൽകി.