തിരുവനന്തപുരം
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ സംരംഭക വർഷത്തിനെതിരെ യുഡിഎഫ് ചാനലും ഓൺലൈനും തയ്യാറാക്കിയ ‘ഇൻവെസ്റ്റിഗേറ്റീവ്’ റിപ്പോർട്ട് നനഞ്ഞ പടക്കമായി. 10 മാസംകൊണ്ട് ആരംഭിച്ച 1.33 ലക്ഷം സംരംഭത്തിൽ മൂന്നെണ്ണം വ്യാജമാണെന്നാണ് ‘ഗവേഷണ’ത്തിലൂടെ ഇവർ കണ്ടെത്തിയത്. ‘ലക്ഷം സംരംഭം: ലക്ഷണമൊത്ത കള്ളം’ എന്ന തലക്കെട്ടിൽ വാർത്തയും നൽകി.
മലപ്പുറത്ത് തുടങ്ങിയ 11,645 സംരംഭത്തിൽ രണ്ടെണ്ണത്തിലാണത്രേ ‘കുഴപ്പം’. തൃശൂരിൽ 13,559 സംരംഭത്തിൽ ഒരെണ്ണത്തിന് ലൈസൻസ് ലഭിച്ചിട്ടും മുന്നോട്ടുപോയില്ലെന്നുമാണ് പരാതി. എന്നാൽ, രണ്ടു ജില്ലയിലുമായി 25,201 സംരംഭം തുടങ്ങിയെന്ന് ചാനൽ സമ്മതിക്കുന്നു. പ്രതികരണം തേടിയവരാകട്ടെ, പദ്ധതി വ്യവസായമേഖലയിൽ ഉണർവുണ്ടാക്കിയെന്നാണ് പറഞ്ഞത്. ബാർബർ ഷോപ് സംരംഭമായി ഉൾപ്പെടുത്തി എന്നായിരുന്നു മറ്റൊരു ആക്ഷേപം. ലക്ഷങ്ങൾ മുടക്കി നിരവധി ബ്യൂട്ടി പാർലറുകൾ പദ്ധതിയിൽ ആരംഭിച്ചിരുന്നു. ഇവയെയാണ് സംരംഭമായി കണക്കാക്കില്ലെന്ന് ചാനൽ പറയുന്നത്. മന്ത്രി നൽകാത്ത പ്രതികരണം വ്യാജമായി ചേർത്താണ് ഓൺലൈനിലും വാർത്ത നൽകിയത്.
സംരംഭക വർഷം പദ്ധതിക്കെതിരെ ആദ്യംമുതൽ ഈ മാധ്യമം നിലപാടെടുത്തിരുന്നു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത പദ്ധതിയാണ് ഇത്. സംരംഭം ആരംഭിച്ച പതിനായിരത്തിലധികം പേരുടെ സംഗമവും സർക്കാർ സംഘടിപ്പിച്ചിരുന്നു. സർക്കാർ ധനസഹായം ലഭിച്ചോ എന്നാണ് ചില സംരംഭകരോട് ചോദിച്ചത്. സംരംഭം തുടങ്ങാൻ നേരിട്ട് പണം നൽകുമെന്ന് പറഞ്ഞിരുന്നില്ല. താൽപ്പര്യമുള്ളവരെ സമീപിച്ച് സൗകര്യം ഒരുക്കി. ഇതിന് 1153 ഇന്റേണുകളെ വ്യവസായവകുപ്പ് നിയമിച്ചു. അനുമതികളെല്ലാം ഓൺലൈനാക്കി. വായ്പയ്ക്ക് ബാങ്കുകളുമായി കൂടിയാലോചിച്ച് പ്രത്യേക പദ്ധതിയൊരുക്കി. നാലു ശതമാനം സബ്സിഡി അനുവദിച്ചു. ഇടയ്ക്ക് നിർത്താതിരിക്കാൻ ജില്ലകളിൽ സംരംഭക ക്ലിനിക്കും ആരംഭിച്ചു. ഇങ്ങനെ ബാങ്ക് വായ്പയെടുത്തും സ്വന്തമായി മൂലധനം കണ്ടെത്തിയുമാണ് സംരംഭങ്ങൾ ആരംഭിച്ചത്. എസ്എംഇകൾക്കായി 42,965 കോടി രൂപ വായ്പ നൽകിയതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതിതന്നെ അറിയിച്ചിരുന്നു.
മനോരമ വാർത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനം
തിരുവനന്തപുരം
സംരംഭകവർഷം പദ്ധതി സംബന്ധിച്ച മനോരമ വാർത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ മാത്രമേ സംരംഭം പാടുള്ളൂ എന്ന ചിന്തയുടെ ഭാഗമാണിത്. കുറവുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. ക്രിയാത്മകമായി വിമർശിക്കാം. എന്നാൽ, സംരംഭങ്ങളുടെ എണ്ണം കളവാണെന്ന പ്രചാരണം മാധ്യമപ്രവർത്തനത്തിന് ചേരാത്തതാണ്. തെറ്റായ വാർത്ത നൽകിയ മനോരമ ഇതുവരെ തന്റെ പ്രതികരണം തേടിയിട്ടില്ല.
2021-–-22ൽ 17.3 ശതമാനം വ്യവസായവളർച്ചയാണ് കേരളത്തിലുണ്ടായത്. ഉൽപ്പാദനമേഖലയിൽ 18.9 ശതമാനവും വളർച്ച കൈവരിച്ചു. ഇത് ദേശീയ വളർച്ചയായ 18.16 ശതമാനത്തിനും മുകളിലാണ്. കള്ളവാർത്ത പ്രചരിപ്പിച്ചവർ ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളം വ്യവസായ റാങ്കിങ്ങിൽ ഇരുപത്തെട്ടാമതായിരുന്നു. ഇപ്പോൾ 15ൽ എത്തിയിട്ടും മനോരമ ഒരു ചർച്ചയും നടത്തിയില്ല.