കൊച്ചി> മജ്ജയെ ബാധിക്കുന്ന അപൂർവ്വ രോഗമായ അപ്ലാസ്റ്റിക് അനീമിയ മൂലം ബുദ്ധിമുട്ടുന്ന ആദിത്യകൃഷ്ണയെന്ന 14 കാരനുവേണ്ടി രക്തമൂലകോശ ദാതാവിനെ തേടുന്നു. അനുയോജ്യമായ ദാതാവിനെ കണ്ടെത്താനായി ഫെബ്രുവരി 26ന് പേരണ്ടൂർ റോഡിലെ പൊറ്റക്കുഴി ലിറ്റിൽ ഫ്ളവർ ചർച്ച് ഓഡിറ്റോറിയത്തിൽ ക്യാമ്പ് നടത്തുന്നുണ്ട്. രക്തമൂല കോശ ദാതാവായി രജിസ്റ്റർ ചെയ്ത് ഒരു ദാതാവായാൽ അതൊരു കുട്ടിയുടെ ജീവിതത്തിനും സ്വപ്നത്തിനും കൂടെ നിൽക്കലാകുമെന്നും രാവിലെ ഒമ്പതുമുതൽ വെെകിട്ട് 5 വരെയുള്ള ക്യാമ്പിൽ പറ്റുന്നവരെല്ലാം പങ്കുചേരണമെന്നും കൊച്ചി മേയർ എം അനിൽകുമാർ അഭ്യർത്ഥിച്ചു.
രക്താർബുദം (Blood Cancer) പോലുള്ള മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ). രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂലകോശദാനവും. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം ( Blood Group Match ) വേണ്ടതുപോലെ രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്. കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽനിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25% മാത്രമാണ്. അതിനാലാണ് മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നത്. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും.
18 മുതൽ 50 വയസുവരെയുള്ളവർക്ക് ദാതാവാകാൻ ക്യാമ്പിൽ പങ്കെടുക്കാം കവിളിനുള്ളിൽനിന്നും പഞ്ഞിയിൽ എടുക്കുന്ന സാമ്പിൾ പരിശോധിച്ചാണ് രക്തമൂല കോശ സാമ്യം പരിശോധിക്കുക. എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കുൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യ കൃഷ്ണ. ആദിത്യക്ക് വേണ്ടി ക്യാമ്പിൽ പങ്കെടുക്കണമെന്ന് സ്കുൾ പ്രിൻസിപാളും അഭ്യർഥിച്ചു .