തിരുവനന്തപുരം> ആരോപണത്തിന്റെയോ അന്വേഷണത്തിന്റെയോ പശ്ചാത്തലത്തിൽ ലൈഫ് പദ്ധതി സ്തംഭിക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലൈഫ് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചവരാണ് ആരോപണങ്ങളുന്നയിക്കുന്നത്. രാഷ്ട്രീയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇത് സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയോ കരിനിഴൽ വീഴ്ത്തുകയോ ചെയ്യില്ല.
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് നൽകുകയയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. മറ്റൊരു സംസ്ഥാനത്തും ഇത്രയധികം വീടുകൾ നിർമിച്ച് നൽകിയിട്ടില്ല. ഗ്രാമപ്രദേശങ്ങളിൽ കേന്ദ്രസർക്കാർ നൽകുന്ന വിഹിതം 72000 രൂപയാണ്. അതുകൊണ്ട് വീടുണ്ടാക്കാനാകില്ല. കേരളം നാല് മുതൽ ആറ് ലക്ഷം വരെ നൽകുകയാണ്. സാമ്പത്തിക ഞെരുക്കം അടിച്ചേൽപ്പിച്ചില്ലായിരുന്നെങ്കിൽ ലൈഫ് പദ്ധതിക്ക് ഇപ്പോൾ അനുവദിച്ചതിന്റെ മൂന്നിരിട്ടി തുക ബജറ്റിൽ നീക്കി വെക്കാൻ കഴിയുമായിരുന്നു.
തദ്ദേശവകുപ്പിൽ അതിവേഗത്തിൽ കൂടുതൽ മാറ്റങ്ങളുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സേവനങ്ങളിലെ കാര്യക്ഷമതയും ഗുണമേന്മയും അഴിമതി ഇല്ലാതാക്കൽ എന്നിവയിലെല്ലാം വലിയ പരിഷ്കാരങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ പരമാവധി ഓൺലൈനാക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.