ഹൈദരാബാദ്
എടികെ മോഹൻ ബഗാനെ ഒരു ഗോളിന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സി ഐഎസ്എൽ സെമിയിൽ കടന്നു. രണ്ട് കളി ശേഷിക്കെ എടികെ ബഗാൻ നാലാംസ്ഥാനത്ത് തുടർന്നു. കളി തീരാൻ നാല് മിനിറ്റുള്ളപ്പോൾ ബർതലോമിയോ ഒഗ്ബച്ചെ നേടിയ ഗോളിലായിരുന്നു ഹൈദരാബാദിന്റെ ജയം. മുംബൈ സിറ്റിയാണ് ആദ്യം സെമി ഉറപ്പിച്ച ടീം. എടികെ ബഗാൻ ഉൾപ്പെടെ അഞ്ച് ടീമുകൾ ഇനി പ്ലേ ഓഫിലെ നാല് സ്ഥാനങ്ങൾക്കായി പോരടിക്കും. കേരള ബ്ലാസ്റ്റേഴ്സാണ് പട്ടികയിൽ മൂന്നാമത്. 18ന് എടികെ ബഗാനും ബ്ലാസ്റ്റേഴ്സും തമ്മിലാണ് കളി.
എടികെ ബഗാനെക്കാൾ മൂന്ന് പോയിന്റ് മുന്നിലുള്ള ബ്ലാസ്റ്റേഴ്സിന് ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. എടികെ ബഗാന്റെ അവസാനകളി ഈസ്റ്റ് ബംഗാളുമായാണ്.എടികെ ബഗാന് അവസാന അഞ്ച് കളിയിൽ ഒരു ജയം മാത്രമാണ്. ഹൈദരാബാദിനെതിരെ ജയം നേടിയിരുന്നെങ്കിൽ അവർക്ക് ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാംസ്ഥാനത്തെത്താമായിരുന്നു. കളിയിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഒഗ്ബെച്ചെയുടെ ഗോളിൽ കൊൽക്കത്ത വമ്പൻമാർ തളർന്നു. മുന്നേറ്റനിരയ്ക്ക് ലക്ഷ്യബോധമില്ലാത്തത് കൊൽക്കത്ത വമ്പൻമാർക്ക് തിരിച്ചടിയായി. ഇന്ന് ബംഗളൂരു എഫ്സി ഷീൽഡ് ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ നേരിടും. അവസാന അഞ്ച് കളിയും ജയിച്ച് മുന്നേറിയ ബംഗളൂരുവിന് മുംബൈയെ കീഴടക്കിയാൽ മൂന്നാംസ്ഥാനത്തേക്ക് മുന്നേറാം. മുംബൈ സീസണിൽ ഒരു കളിയും തോറ്റിട്ടില്ല.















