ബംഗളൂരു> മനുഷ്യ ജീവിതത്തിന്റെ വിവിധ തലങ്ങൾ നിറങ്ങളിൽ ചാലിച്ച മലയാളിയുടെ ചിത്ര പ്രദർശനം “ദ ലൈഫ് അൺലിവ്‌ഡ്’ ശ്രദ്ധയാകർഷിക്കുന്നു. പയ്യന്നൂർ അന്നൂർ സ്വദേശി ശ്രീനി വണ്ണാടിൽ ബംഗളൂരു എം ജി റോഡ് മെട്രോ സ്‌റ്റേഷനിലെ രംഗോളി മെട്രോ ആർട്‌സ് സെന്ററിലെ പ്രദർശനം കാണാൻ നിരവധിയാളുകളാണ് എത്തിയത്. ജോലിതിരക്കിനിടയിലും ജന്മസിദ്ധിയായ് ലഭിച്ച ചിത്രകല മാറ്റി വെക്കാൻ തയ്യാറാകാത്ത ഈ യുവാവിന്റെ പ്രയത്നത്തിന്റെ ഫലമാണ് ഈ ലഭിക്കുന്ന അംഗീകാരം.
ജനനം മുതൽ മരണം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ ഘട്ടങ്ങളിൽ ക്യാൻവാസിൽ പകർത്തിയ 20 ആക്രിലിക്, ഓയിൽ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം ബുധനാഴ്‌ച അവസാനിക്കും.ചെറുപ്പം മുതൽ ചിത്രകലയോട് അഭിരുചിയുണ്ടായിരുന്നെങ്കിലും ശാസ്‌ത്രീയമായി അഭ്യസിച്ചിരുന്നില്ല. 2010 മുതൽ ബംഗളൂരുവിൽ ബാങ്കിങ്ങ് മേഖലയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യവെയാണ് തന്റെ സ്വപ്‌നം എത്തിപിടിക്കാനുള്ള സമയം ശ്രീനി കണ്ടെത്തിയത്. ഇപ്പോൾ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ചിത്രകാരനായിരിക്കുകയാണ് ശ്രീനി.
പത്മരാജന്റെ നന്മകളുടെ സൂര്യൻ എന്ന കഥയുടെ ആശയം മ്യൂറൽ ശൈലിയുള്ള ഒറ്റ ചിത്രമാക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. കലയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനും കൂടുതൽ പ്രദർശനം നടത്താനും ശ്രീനി പദ്ധതിയിടുന്നു. ഭാര്യ സന്ധ്യയൊടൊപ്പം ജെ പി നഗറിലാണ് താമസം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..