തിരുവനന്തപുരം > മനുഷ്യ-–- വന്യജീവി സംഘർഷ ലഘൂകരണത്തിന് വനാതിർത്തികളിൽ വേലി സ്ഥാപിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 24 കോടി രൂപ അനുവദിച്ചു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ടെക്നോളജി (എൻഐടി) തയ്യാറാക്കിയ പരിഷ്കരിച്ച ഡിസൈൻ പ്രകാരം ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിങ്ങും ഇതു പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ ഹാങ്ങിങ് സോളാർ ഫെൻസിങ്ങുമാണ് സ്ഥാപിക്കുകയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിൽ ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിങ് പ്രായോഗികമല്ലെന്നാണ് കണ്ടെത്തിയത്. എൻഐടി തയ്യാറാക്കിയ പരിഷ്കരിച്ച ഡിസൈൻ പ്രകാരമുള്ള പദ്ധതിക്ക് ചെലവാകുന്നതിനു പുറമെയുള്ള 9.21 കോടി രൂപ മറ്റ് നടപടികൾക്ക് ഉപയോഗിക്കും.
സൗത്ത് വയനാട് ഡിവിഷനിലെ ദാസനക്കര –-പത്തിരിയമ്പം– പാത്രമൂല– കക്കോടം ബ്ലോക്ക്– 7.5 കോടി രൂപ, കൊമ്മഞ്ചേരി, സുബ്രഹ്മണ്യംകൊല്ലി–1.75 കോടി, വേങ്ങോട് മുതൽ ചെമ്പ്രവരെ– 2.5 കോടി, കുന്നുംപുറം പത്താം മൈൽ–1. 5 കോടി, നിലമ്പൂർ സൗത്ത് ഡിവിഷനിലെ തീക്കാടി പുലക്കപ്പാറ- നമ്പൂരിപൊതി പ്രദേശം– 2.25 കോടി, നോർത്ത് വയനാട് ഡിവിഷനിലെ കൂടക്കടവ് മുതൽ പാൽവെളിച്ചം വരെ– 3 കോടി, വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ വടക്കനാട്– 2.25 കോടി, കാന്നൽ മുതൽ പാഴൂർ തോട്ടമൂല വരെ– 3.25 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയാണ് പദ്ധതി നടപ്പാക്കുന്നത്.















