തിരുവനന്തപുരം> കേന്ദ്ര വിഹിതം വെട്ടിക്കുറക്കുന്നതും ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതുമാണ് കേരളം നേരിടുന്ന യഥാർത്ഥ പ്രശ്നമെന്നും മറ്റുള്ള ചർച്ചകൾ ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അക്കൗണ്ടന്റ് ജനറലിന്റെ സർട്ടിഫിക്കറ്റില്ലാത്തതിനാലാണ് ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നതെന്ന വാദം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്. ജിഎസ്ടി നഷ്ടപരിഹാരമായി കിട്ടാനുള്ള 750 കോടി വൈകുന്ന പ്രശ്നമല്ല, വിവിധ രീതിയിൽ സാമ്പത്തികമായി ഞെരുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എൻ കെ പ്രേമചന്ദ്രന്റെ ചോദ്യവും നിർമല സീതരാമന്റെ മറുപടിയും തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
കേരളം കണക്കുകളെല്ലാം കൃത്യമായി സമർപ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകൾതന്നെ തെളിവാണ്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും കേന്ദ്രം നൽകിയത്. സംസ്ഥാനങ്ങൾക്ക് അർഹമായി നൽകേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതാണ് കേരളം ഗൗരവമായി ഉന്നയിക്കുന്നത്. 2022 ജൂൺ 30-ന് ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ പന്ത്രണ്ടായിരം കോടിയാണ് നഷ്ടം. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷം കൂടി ദീർഘിപ്പിക്കണം. ഇത് ബിജെപി, കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനഞ്ചാം ധനകാര്യ കമീഷൻ ഡിവിസിബിൾ പൂളിൽനിന്ന് സംസ്ഥാനത്തിന് നൽകുന്ന വിഹിതം 1.925 ശതമാനമായി വെട്ടിക്കുറച്ചതിലൂടെ 18,000 ത്തോളം കോടി രൂപയുടെ നഷ്ടമുണ്ടായി. കേരളത്തിനർഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും മന്ത്രി പറഞ്ഞു.















