ആലത്തൂർ> ‘ജീവിതം ഇരുട്ടിലായപ്പോൾ വെളിച്ചമായാണ് നിങ്ങൾ വന്നത്, ഇപ്പോൾ ഞങ്ങൾ സുരക്ഷിതരാണ്’ –-മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സ്നേഹവീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ മേലാർകോട് വലതല സ്വദേശിനി ബബിത വിതുമ്പലടക്കാനാകാതെ പറഞ്ഞു. സിപിഐ എം ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഘട്ടത്തിലാണ് നിർധനരായ പത്ത് കുടുംബത്തിന് കൂടി വീട് നിർമിക്കാൻ പാർടി തീരുമാനിച്ചത്.
പാർടി ഓഫീസിന് കല്ലിട്ടശേഷം പത്ത് ലോക്കൽക്കമ്മിറ്റികളിൽനിന്ന് അർഹരെ കണ്ടെത്തി. പലകാരണത്താലും സർക്കാരിന്റെ ആനുകൂല്യം ലഭിക്കാതെ പോയവർക്കായിരുന്നു മുൻഗണന. ഏരിയ കമ്മിറ്റി ഓഫീസ് (ആലത്തൂർ ആർ കൃഷ്ണൻ സ്മാരകം) നിർമാണം പൂർത്തിയാകുംമുമ്പ് വീടുകളുടെ പാലുകാച്ച് നടത്താനും തീരുമാനിച്ചു. ആറ് മുതൽ പത്ത് ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും ഒരുക്കിയത്.
രണ്ട് കിടപ്പുമുറി, അടുക്കള, ലിവിങ് റൂം, ശുചിമുറി തുടങ്ങിയ സൗകര്യമുണ്ട്. കഴിഞ്ഞ മെയ് 22നാണ് കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഏരിയ കമ്മിറ്റി ഓഫീസിന് കല്ലിട്ടത്. ഏഴ് മാസം കൊണ്ട് പത്ത് വീടും പൂർത്തിയാക്കി. ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവേളയിൽ ഈ കുടുംബങ്ങൾ മുഖ്യമന്ത്രിയിൽനിന്ന് താക്കോൽ ഏറ്റുവാങ്ങിയപ്പോൾ അത് ആലത്തൂർ തീർത്ത അതിരില്ലാത്ത സ്നേഹത്തിന്റെ പുതു അധ്യായമായി.















