മുംബൈ> വനിതാ ഐപിഎൽ ക്രിക്കറ്റ് താരലേലത്തിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന റെക്കോഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ. 3.4 കോടി രൂപയ്ക്കായിരുന്നു മന്ദാന ബാംഗ്ലൂർ ടീമിലെത്തിയത്. 50 ലക്ഷമായിരുന്നു അടിസ്ഥാനവില. മുംബൈയിലായിരുന്നു താരലേലം. അഞ്ച് ടീമുകളായിരുന്നു രംഗത്ത്. മാർച്ച് ഏഴുമുതൽ 22 വരെയാണ് വനിതാ ഐപിഎൽ.
ഓസ്ട്രേലിയയുടെ ആഷ്ലെ ഗാർഡ്നെർ (3.2 കോടി, ഗുജറാത്ത് ജയന്റ്സ്), ഇംഗ്ലണ്ടിന്റെ നതാലി ഷിവെർ ബ്രുണ്ട് (3.2 കോടി, മുംബൈ ഇന്ത്യൻസ്), ദീപ്തി ശർമ (2.6 കോടി, യുപി വാരിയേഴ്സ്), ജെമീമ റോഡ്രിഗസ് (2.2 കോടി ഡൽഹി ക്യാപിറ്റൽസ്) എന്നിവരാണ് വിലയേറിയ താരങ്ങളിൽ മന്ദാനയ്ക്കൊപ്പമുള്ളവർ.
ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 1.8 കോടി രൂപയ്ക്ക് മുംബൈയിലെത്തി. ഓസ്ട്രേലിയയുടെ എല്ലിസെ പെറിയെ 1.7 കോടി രൂപയ്ക്ക് ബാംഗ്ലൂർ ടീം സ്വന്തമാക്കി. ഇന്ത്യൻ മീഡിയം പേസർ രേണുക സിങ്ങും (1.5), റിച്ച ഘോഷും (1.9) ബാംഗ്ലൂർ ടീമിലാണ്. ഓസീസിന്റെ ബെത് മൂണിയെ രണ്ട് കോടിക്ക് ഗുജറാത്ത് നേടി. ഷഫാലി വർമ ഇത്രതന്നെ തുകയ്ക്ക് ഡൽഹിയിലെത്തി.
ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, യുപി വാരിയേഴ്സ് ടീമുകളായിരുന്നു ലേലത്തിൽ.
മിന്നു മിന്നി ഡൽഹിയിൽ
മിന്നു മണി
കേരളത്തിന്റെ അഭിമാനമായി മിന്നു മണി ഡൽഹി ക്യാപിറ്റൽസിൽ. സീനിയർ വനിതാ ക്രിക്കറ്റിനായി ഹൈദരാബാദിലാണിപ്പോൾ. 30 ലക്ഷം രൂപയ്ക്കാണ് വയനാട്ടുകാരിയെ ഡൽഹി സ്വന്തമാക്കിയത്. ഇടംകൈ ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമാണ്.
ഒട്ടും പ്രതീക്ഷിച്ചതല്ല, ഐപിഎല്ലിൽ കളിക്കാനുള്ള അവസരം സന്തോഷമുള്ളതാണെന്ന് സീനിയർ വനിതാ ക്രിക്കറ്റിൽ ദക്ഷിണമേഖലയ്ക്കായി കളിക്കാനെത്തിയ മിന്നു പറഞ്ഞു. ആദ്യകളിയിൽ പശ്ചിമ മേഖലയ്ക്കെതിരെ 73 റണ്ണെടുത്ത് തിളങ്ങി. കിഴക്കൻ മേഖലയുടെ രണ്ട് വിക്കറ്റും സ്വന്തമാക്കി.
കേരള ടീമിൽ സ്ഥിര സാന്നിധ്യമായ മിന്നു ബംഗ്ലാദേശ് പര്യടനം നടത്തിയ ഇന്ത്യ എ ടീം അംഗമായിരുന്നു. വയനാട് മാനന്തവാടി ചോയ്മൂലയിൽ മണിയുടെയും വസന്തയുടെയും മകളാണ് ഇരുപത്തിമൂന്നുകാരി. രണ്ടാംവർഷ ബിരുദ വിദ്യാർഥി. മിമിത സഹോദരിയാണ്.