കോഴിക്കോട്> ഭരണഘടനാ സ്ഥാപനമായ ജുഡീഷ്വറിയുടെ പാവനത തകർക്കുകയും വിശ്വാസ്യത പിച്ചിച്ചീന്തുകയും ചെയ്യുന്നതാണ് മുൻ സുപ്രീം കോടതി ജഡ്ജി എസ് അബ്ദുൾ നസീറിന്റെ ഗവണർ നിയമനമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
പ്രമാദമായ ബാബരി കേസിലും മുത്ത്വലാഖ് വിഷയത്തിലും മോദി സർക്കാറിനെ കുറ്റമുക്തനാക്കിയ കേസുകളിലും ഭരണകൂടത്തിന് അനുകൂലമായ തീർപ്പ് നടത്തിയതിനുള്ള പ്രതിഫലമാണ് ഈ സ്ഥാനലബ്ധിയെന്ന് ആർക്കും സംശയിക്കാം. സ്വതന്ത്ര ജുഡീഷ്വറിക്കു ഇതുപോലെ പോറലേൽപിച്ച മറ്റൊരു തീരുമാനം രാമക്ഷേത്ര നിർമാണത്തിന് പച്ചക്കൊടി കാട്ടിയ അഞ്ചംഗ ബെഞ്ചിന് നേതൃത്വം കൊടുത്ത ചീഫ് ജസ്റ്റിസ് രംഗൻ ഗഗോയിയുടെ രാജ്യസഭാ പ്രവേശനമാണ്.
വിരമിച്ച ശേഷം സ്വസ്ഥമായ ലാവണം സ്വപ്നം കാണുന്നവർ ഇനി യജമാന ഭക്തി കാണിച്ചേ വിധിയെഴുതൂ. ഭരണഘടന പിച്ചിച്ചീന്താൻ മടിക്കാത്ത ഹിന്ദുത്വ വാദികളുടെ കോടാലിപ്പിടികളായി ഉന്നത ന്യായാധിപന്മാർ അധഃപതിക്കുന്നത് രാജ്യത്തിന്റെ ഭാവി തന്നെ കൂരിരുട്ടിലാഴ്ത്തുമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.