കൊച്ചി > മട്ടാഞ്ചേരിയിലെ ഹല്ലേഗ്വ ഹാളില്‍ നടക്കുന്ന, ചെന്നൈയില്‍ നിന്നുള്ള യുവഫോട്ടോഗ്രാഫര്‍ വെട്രിവേലിന്റെ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനമായ ‘നെയ്തല്‍’ ഫെബ്രുവരി 20 വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 4നാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. തന്റെ ആദ്യ പ്രദര്‍ശനത്തിന് ബിനാലെ നഗരമായ കൊച്ചിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അതുകണക്കിലെടുത്താണ് പ്രദര്‍ഷശനം ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിച്ചതെന്നും വെട്രിവേല്‍ പറഞ്ഞു.
നെയ്തല്‍ എന്നറിയപ്പെടുന്ന തമിഴ്നാടിന്റെ തീരപ്രദേശത്തെയും അവിടത്തെ ജീവിതത്തെയും അടിസ്ഥാനമാക്കിയാണ്, ഏറെ സാമൂഹ്യ രാഷ്ട്രീയ മാനങ്ങളുള്ളതും, നെയ്തല്‍ എന്ന് പേരിട്ടതുമായ ഈ പ്രദര്‍ശനം വെട്രിവേല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കടലും കടല്‍ത്തീരവും അവിടത്തെ ജീവിതവും ഭൂപ്രകൃതിയുമെല്ലാം ചിത്രീകരിക്കുമ്പോള്‍ അവയുടെ വര്‍ണ്ണരാഹിത്യവും ജീവനത്തിനായുള്ള പോരാട്ടവുമാണ് വെട്രിവേലിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. തങ്ങള്‍ ജീവിക്കുന്ന മണ്ണിന്റെ സ്വഭാവവിശേഷവും പ്രതിസന്ധികളെ നേരിട്ട് മുന്നോട്ട് പോയതിന്റെ വീര്യവും അതോടൊപ്പം ജീവിതത്തോടുള്ള അഭിനിവേശവും വെളിപ്പെടുത്തുന്ന മുഖങ്ങളും അവര്‍ പോരാടി ജീവിക്കുന്ന മണ്ണും വെള്ളവുമാണ് വെട്രിയുടെ ചിത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ലാന്‍ഡ്‌സ്‌കേപ്പുകള്‍, സീസ്‌കേപ്പുകള്‍, പോര്‍ട്രെയ്റ്റുകള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായിട്ടാണ് വെട്രിവേല്‍ ഈ ചിത്രങ്ങളെ തരം തിരിച്ചിരിക്കുന്നത്. എന്നാല്‍ ഇവ പരസ്പരബന്ധിതവുമാണ്.
സ്‌കൂള്‍ പഠന കാലം മുതല്‍ തന്നെ കലയിലും സംസ്‌കാരത്തിലും ഏറെ തത്പരനായ വെട്രിവേല്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സിംഗപ്പൂരില്‍ തന്റെ ആദ്യത്തെ ഡ്രമ്മിംഗ് കണ്‍സെര്‍ട് നടത്തിയാണ് കലാരംഗത്തെ തന്റെ പ്രതിഭ തെളിയിക്കുന്നത്. സംഗീത താല്പര്യം കാരണം വെട്രി, ചെന്നൈയിലെ കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ ഏഴ് വര്‍ഷം സംഗീതം പഠിച്ചു. അതേസമയം തന്നെ വാസ്തുവിദ്യയില്‍ താല്പര്യം തോന്നിയ ഈ യുവ കലാകാരന്‍ തന്റെ സ്‌കൂള്‍ പഠന കാലത്ത് നന്നായി വാസ്തുവിദ്യാ രൂപങ്ങള്‍ വരയ്ക്കാനും ആരംഭിച്ചു. താന്‍ പഠിച്ച വിദ്യാലയമായ ദി വേളമ്മാള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ (TVIS) കലാ വിദ്യാഭ്യാസ വിഭാഗമായ ചിത്രാവതി സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റിയിലെ (CCC) പരിശീലനം വെട്രിയില്‍ ചിത്രരചനയോടുള്ള താല്പര്യം ശക്തമാക്കുകയും അതോടൊപ്പം ഫോട്ടോഗ്രാഫിയിലെ സാധ്യത ആരായാന്‍ പ്രേരകമാവുകയും ചെയ്തു. ഈ പരിശീലനമാണ് ഇങ്ങനെ ഒരു പ്രദര്‍ശനത്തിന് തനിക്ക് ആത്മവിശ്വാസം പകര്‍ന്നത് എന്ന് പതിനെട്ടുകാരനായ ഈ കലാകാരന്‍ പറയുന്നു.
ഒരു വിനോദം എന്നതിനപ്പുറം ഫോട്ടോഗ്രാഫിയെ ഗൗരവത്തില്‍ എടുക്കാന്‍ തുടങ്ങിയതോടെയാണ് മനുഷ്യനെയും, മണ്ണിനെയും പ്രകൃതിയെയുമെല്ലാം അതിന്റെ ഗൗരവത്തില്‍ താന്‍ എടുക്കാന്‍ തുടങ്ങിയത് എന്ന് വെട്രി പറയുന്നു. സ്വന്തം ഇടങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍, ആഗോള താപനം തുടങ്ങി പ്രളയം വരെ എല്ലാത്തിന്റെയും അനന്തരഫലങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍. ആ ജീവിതം അടുത്തറിയാന്‍ തുടങ്ങിയതോടെ, തന്റെ കോമ്പോസിഷനിലേക്ക് കടന്നുവന്ന ഓരോ മനുഷ്യനും ഓരോ കഥയാണെന്ന് വെട്രി തിരിച്ചറിഞ്ഞു; ആ തിരിച്ചറിവില്‍ നിന്നാണ് ഈ മനുഷ്യര്‍ ജീവിക്കുന്ന മണ്ണും കടല്‍ത്തീരവും എല്ലാം വെട്രിയുടെ കാമറയ്ക്ക് മുന്നില്‍ തെളിയാന്‍ തുടങ്ങിയത്. അവരുടെ അറിവും ജീവിതവും നമ്മുടെ പുസ്തകങ്ങളില്‍ കാണാനാവില്ലെന്നും ഈ കലാകാരന്‍ തിരിച്ചറിഞ്ഞു. ആ ബോധ്യമാണ് അവരുടെ കണ്ണിലൂടെ സമൂഹത്തെ കാണാന്‍ വെട്രിയെ സഹായിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..