പൊൻകുന്നം > ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ രാജ്യത്ത് നടക്കുമ്പോൾ അതിന് പ്രോത്സാഹനം നൽകുന്ന ആളായി പ്രധാനമന്ത്രി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിപുരയിൽ ജനാഭിലാഷം ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊൻകുന്നത്ത് സിപിഐ എം വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ ഏകാധിപത്യ നടപടികളെ ചെറുത്തുകൊണ്ടുള്ള വലിയ മുന്നേറ്റമാണ് ത്രിപുരയിൽ നടക്കുന്നത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകുകയാണ് ബിജെപി ചെയ്യേണ്ടത്. എന്നാൽ അതിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന സമീപനം സ്വീകരിക്കാനാണ് പ്രധാനമന്ത്രിയടക്കം തയ്യാറാകുന്നത്.
ബിജെപി ഒരു വിനാശകാരിയായ ശക്തിയായ മാറിയിരിക്കുന്നുവെന്ന് എല്ലാവർക്കും ബോധ്യമായിരിക്കുന്നു. ഇനിയും ഒരു അവസരം ബിജെപിക്ക് കൊടുത്താൽ അതിന്റെ ഭാഗമായി ഉണ്ടാകാൻ പോകുന്നത് നമ്മുടെ രാജ്യത്തിന്റെ സർവനാശം തന്നെയായിരിക്കും എന്നുതന്നെ ജനാധിപത്യ വിശ്വാസികൾ മനസിലാക്കിയിരിക്കുന്നു. ത്രിപുരയിൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയ്ക്ക് സ്വന്തം മണ്ഡലത്തിൽ പോകാൻ കഴിയുന്നില്ല. രാഷ്ട്രീയ പ്രവർത്തനം നടത്താൻ ജനങ്ങൾക്ക് കഴിയുന്നില്ല. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ സകലരെയും ആക്രമിക്കുന്ന ഗുണ്ടാ പടയും അവർക്ക് സൗകര്യങ്ങൾ ഒരുക്കിനൽകുന്ന അധികാരി വർഗവുമാണ് ത്രിപുരയിൽ. ഇത്തരം ഒരു സ്ഥിതിവിശേഷത്തിലേക്ക് ത്രിപുര മാറുന്നത് നാം കണ്ടു. വിവരണാതീതമായ കഷ്ടനഷ്ടങ്ങൾ അവിടെ സഹിക്കേണ്ടതായി വന്നു. സിപിഐ എം ഓഫീസുകൾക്ക് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. ജനാധിപത്യത്തിന്റെ ഭാഗമായുള്ള ഒരു കാര്യവും നടക്കാത്ത അവസ്ഥയുണ്ടായി. ആ സാഹചര്യത്തിലാണ് ആവശ്യമായ ചില യോജിപ്പുകൾ തെരഞ്ഞെടുപ്പ് രംഗത്ത് വരുന്നത്.
കേരളത്തിൽ യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കങ്ങൾ ജനങ്ങൾ മനസിലാക്കി കഴിഞ്ഞു. യുഡിഎഫ് നിരാശരാണ്. ബിജെപിയുമായി ചേർന്ന് സമസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു. അതിലൊന്നും ജനങ്ങൾ വീണില്ല. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ എടുക്കുന്ന നിലപാടാണിത്. എല്ലാ കള്ള പ്രചാരണങ്ങളെയും മറികടക്കാൻ കഴിയണം.