തൃശൂർ
റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാനാവാത്ത അവശ ജനവിഭാഗങ്ങൾക്ക് റേഷൻ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാൻ ‘ഒപ്പം’ പദ്ധതി. നാട്ടിടങ്ങളിലെ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയോടെ സംസ്ഥാന ഭക്ഷ്യ–- പൊതുവിതരണ വകുപ്പാണ് ഒപ്പം റേഷൻ വിതരണം കൈത്താങ്ങുമായി ഓട്ടോത്തൊഴിലാളികളും എന്ന നൂതന പദ്ധതിക്ക് രൂപം നൽകിയത്. അർഹമായ റേഷൻ ഉറപ്പ് വരുത്തുന്ന ‘ ഒപ്പം’ പദ്ധതി സംസ്ഥാനത്ത് ആദ്യമായി തൃശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലാണ് തുടക്കമിടുന്നത്.
തൃശൂർ ജില്ലയിൽ 5000ൽപ്പരംപേർ അതിദരിദ്രരുടെ ലിസ്റ്റിലുണ്ട്. ഇതിൽ റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത ഇരുന്നൂറോളം അവശ കുടുംബങ്ങളുണ്ട്. പ്രോക്സി സംവിധാനം (പകരക്കാരെ ചുമതലപ്പെടുത്തൽ) പ്രയോജനപ്പെടുത്തി ഇവർക്കുള്ള റേഷൻ അനുവദിക്കും. വാടകയെടുത്ത് ഓട്ടം കഴിഞ്ഞ് തിരിച്ചുപോവുമ്പോൾ വാടകയില്ലാതെ റേഷൻ സാധനങ്ങൾ പാവങ്ങൾക്ക് എത്തിക്കും. മാസത്തിൽ ഒരിക്കൽ മാത്രമായതിനാൽ നിരവധി ഓട്ടോ ഡ്രൈവർമാർ സന്നദ്ധരായിട്ടുണ്ട്.
സഹായം ആവശ്യമായ റേഷൻ ഉപഭോക്താക്കളുടെ ലിസ്റ്റ് സിവിൽ സപ്ലൈസ് അധികൃതർ തയ്യാറാക്കി. അതിദാരിദ്ര്യ നിർമാർജനം എന്ന സംസ്ഥാന സർക്കാരിന്റെ വ്യക്തമായ കാഴ്ചപ്പാട് ഉൾക്കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പകൽ 2.30ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാവും. ആദിവാസി ഊരുകളിൽ റേഷനെത്തിക്കുന്ന പദ്ധതിയും തൃശൂർ ജില്ലയിലാണ് തുടങ്ങിയതെന്ന് ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ അറിയിച്ചു. പീച്ചി, അതിരപ്പിള്ളി, വരന്തരപ്പിള്ളി എന്നിവിടങ്ങളിലെ ഊരുകളിൽ കൃത്യമായ റേഷൻ സാധനങ്ങൾ നേരിട്ടെത്തിക്കുകയാണ്.