ചെറായി > സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ നിർമ്മാണ തൊഴിലാളിയായ യുവാവ് കുത്തേറ്റ് മരിച്ചു. നായരമ്പലം നെടുങ്ങാട് നികത്തിത്തറ വത്സൻ്റെ മകൻ സനോജ് (44) ആണ് മരിച്ചത്. പ്രതിയായ നായരമ്പലം കാട്ടൂക്കാരൻ അനിൽ (54) എന്നയാളെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി10 മണിക്ക് അണിയൽ കിഴക്ക് നെടുങ്ങാട് റോഡിൽ മുണ്ടിചിറ പാലത്തിനു കിഴക്ക് വച്ചായിരുന്നു സംഭവം. ഇടതു പള്ളയിലാണ് കുത്തേറ്റത്. മുറിവിലൂടെ കുടൽ പുറത്തേക്ക് വന്ന അവസ്ഥയാലായിരുന്നു. ഒരു ഇരുചക്ര വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിൽ രണ്ടു പേരും തമ്മിൽ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിലും മരണത്തിലും കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിതന്നെ കുത്തേറ്റയാളെയും കൊണ്ട് എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. ഭാര്യ: വിനീത. മക്കൾ: സൗപർണ്ണിക, വൈഷ്ണവി.