കൊച്ചി > അക്കാദമിക് രംഗത്തെ അറിവുകളെ സമൂഹത്തിന് പ്രയോജനകരമാകുന്ന വിധത്തിൽ വിനിയോഗിക്കുന്ന ട്രാൻസ്ലേഷണൽ റിസർച്ചിനോടുള്ള കേരള സർക്കാരിന്റെ സമീപനം ഏറെ അഭിനന്ദനാർഹമാണെന്ന് നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ചെയർമാൻ പ്രൊഫ. ഭൂഷൺ പട് വർധൻ.
നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡുകൾ നേടിയ സർവ്വകലാശാലകളെയും കോളേജുകളെയും ആദരിക്കുന്ന എക്സലൻഷ്യ 23 പുരസ്കാര സമർപ്പണത്തിന്റെയും അക്രഡിറ്റേഷന് തയ്യാറെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന സിമ്പോസിയത്തിന്റെയും ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്തുകയാണ് നാക്കിന്റെ അടിസ്ഥാന ലക്ഷ്യം. കേരളത്തിൽ നിന്നുളള ഡോ. എം എസ് വല്യത്താനാണ് തന്റെ മാർഗനിർദേശി. ഗവേഷണത്തിൽ മാതൃക സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുപോലെ നിരവധി കാര്യങ്ങളിൽ മറ്റുള്ളവർക്ക് പിന്തുടരാൻ കഴിയുന്ന മാതൃകയാകാൻ കേരളത്തിന് കഴിയും. പാരമ്പര്യം, സംസ്കാരം, വികസനത്തോടും സാങ്കേതിക വിദ്യയോടുമുള്ള തുറന്ന സമീപനം ഇവയുടെയെല്ലാം കാര്യത്തിൽ അനുഗ്രഹീതമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ട് അപ്പ് മിഷന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.