പെരുമ്പാവൂർ > കുറ്റിപ്പാടം നോവ പ്ലൈവുഡ് കമ്പനിയുടെ രാസമാലിന്യക്കുഴിയിൽ വീണ് നാലുവയസ്സുകാരി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്. അല്ലപ്ര കുറ്റിപ്പാടം ചിരിയ്ക്കക്കുടി ഷിഹാബിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ രാവിലെ ഒമ്പതിനായിരുന്നു അപകടം. മാലിന്യക്കുഴിയില്‍നിന്ന് ഖരമാലിന്യം നീക്കം ചെയ്യുന്നതിനുള്ള ഒരു സ്ലാബ് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. അസ്വാഭാവിക മരണത്തിന് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. അപകടത്തിനുശേഷം കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി; പിന്നാലെ കമ്പനി അടച്ചുപൂട്ടാന്‍ വെങ്ങോല പഞ്ചായത്ത് നോട്ടീസ് നല്കി.
കുട്ടിയുടെ ഉമ്മ ഹുനൂബ കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ അസ്മിനി കമ്പനിവളപ്പിൽ ഓടിക്കളിക്കുന്നുണ്ടായിരുന്നു. അല്‍പ്പസമയത്തിനുശേഷം കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തുറന്നുകിടന്ന മാലിന്യക്കുഴി പരിശോധിച്ചത്. കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അസ്മിനിയെ കുഴിയിൽനിന്ന് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കമ്പനിയുടെ മെഷിനറി ശുചീകരിക്കുന്ന ജലവും പാഴാകുന്ന പശയും കെട്ടിക്കിടക്കുന്ന കുഴിയാണിത്. ആറടി താഴ്ചയും ഏഴടി വിസ്താരവും കുഴിക്കുണ്ട്. കമ്പനിയുടെ എതിർവശത്തുള്ള വാടകക്കെട്ടിടത്തിലാണ് ഹുനൂബയുടെ കുടുംബം താമസിക്കുന്നത്. ഖബറടക്കം നടത്തി. സഹോദരങ്ങൾ: അൽമിന, അഫി, ജെന്നത്തുൽ ഇസ്ലാം. മരണത്തെക്കുറിച്ച് ശിശുക്ഷേമസമിതി അന്വേഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.