കോഴിക്കോട് > മാത്തോട്ടം സ്വദേശിയെ മർദ്ദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്തവർക്ക് സഹായം നൽകിയ മൂന്ന് പേർ കോഴിക്കോട് അറസ്റ്റിലായി. പയ്യാനക്കൽ തിരുത്തി വളപ്പ് ചക്കുങ്ങൽ അൻഫാൽ (28), ചക്കുംകടവ് എടയുളംപറമ്പ് സുഷീർ (33സ്), നടുവട്ടം യൂപ്പിനിയകം പറമ്പ് ഫിറോസ് മൻസിലിൽ ഫിറോസ് (39) എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ ഇ ബൈജു ഐ പി എസിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് എസ്ഐ ശശികുമാറും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ കർണ്ണാടകത്തിലെ ഒളിത്താവളത്തിലേക്ക് രക്ഷപ്പെടുന്നതിനിടെ ഉടുപ്പിയിൽ വെച്ച് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ സഹായങ്ങൾ നൽകിയവരെ കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്. ഇവർക്ക് സഹായം നൽകിയ മറ്റുള്ളവരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയത്. സംഭവത്തിനു ശേഷം യുവാവിന്റെ കൈയ്യിൽ നിന്നും കവർന്ന മൊബൈൽ ഫോൺ കടലിലെറിഞ്ഞ് നശിപ്പിപ്പിച്ചതിനും ക്വട്ടേഷൻ പ്രതിഫലത്തുകയിൽ 20,000 രൂപ സംഘത്തിന് നൽകുകയും ചെയ്തതിനാണ് അൻഫാലിനെ അറസ്റ്റ് ചെയ്തത്.
മൂന്നുപ്രതികളേയും ഫിറോസ് തന്റെ വീട്ടിലാണ് അഞ്ച് ദിവസത്തോളം ഒളിവിൽ താമസിപ്പിച്ചത്. ഇക്കാര്യത്തിനാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പൊലീസ് അന്വേഷണം ഊർജിതമാക്കി എന്നറിഞ്ഞ പ്രതികൾ കേരളം വിടുന്നതിനായി പദ്ധതിയിടുകയായിരുന്നു. ഇവർക്ക് സംസ്ഥാനം വിടുന്നതിനായി പുതിയ മൊബൈൽ ഫോണും സിം കാർഡും വാങ്ങി നൽകുകയും മറ്റു സഹായങ്ങൾ നൽകുകയും ചെയ്തതിനാണ് സുഷീറിനെ അറസ്റ്റ് ചെയ്ത്. നാട്ടിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുന്നതിനായി ഇടനിലക്കാരനായി പ്രവൃത്തിച്ചതും സുഷീറായിരുന്നു.