കോഴിക്കോട് > ക്യാമ്പസിൽ സ്നേഹ പ്രകടനങ്ങൾ വിലക്കി കാലിക്കറ്റ് എൻഐടിയുടെ വിചിത്ര സർക്കുലർ. ‘പൊതുഇടത്തിലെ സ്നേഹ പ്രകടന’വും ‘സ്വകാര്യ പ്രവൃത്തി’കളും സ്ഥാപനത്തിന്റെ നയങ്ങൾക്ക് എതിരാണെന്നും ഇത് മറ്റുള്ളവരെ പല തരത്തിൽ ബാധിക്കുമെന്നും കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. നിർദേശം ലംഘിച്ചാൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് വിദ്യാർഥി ക്ഷേമവിഭാഗം ഡീനിന്റെ സർക്കുലർ. ഏതു തരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാനും നടപടിയെടുക്കാനും കഴിയും വിധമാണ് ഇതിലെ പരാമർശങ്ങൾ.
1 “പൊതു ഇടങ്ങളിലെ സ്നേഹപ്രകടനം മറ്റുള്ളവർക്ക് അസ്വസ്ഥതയും നാണക്കേടും ഉണ്ടാക്കും. ഇത് പ്രതികൂലവും വിദ്വേഷകരമായ അന്തരീക്ഷത്തിലേക്ക് നയിക്കാം.
2 “ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവരെ അവരുടെ അക്കാദമിക് പ്രവർത്തനങ്ങളിൽനിന്ന് വ്യതിചലിപ്പിക്കും. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ബാധിക്കും.’- തുടങ്ങിയ വാദങ്ങളാണ് മെയിലിൽ ഡീൻ നിരത്തുന്നത്.
എല്ലാ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സ്ഥാപനത്തിന് കർശനമായ നയങ്ങളുണ്ട്. ഇതിന്റെ ലംഘനം അച്ചടക്ക നടപടിക്ക് കാരണമാകും എന്നാണ് വിശദീകരണം. സർക്കുലറിനെതിരെ ക്യാമ്പസിൽ രൂക്ഷമായ പ്രതികരണമുയർന്നു. സദാചാര പൊലീസിങ് മനോഭാവമാണ് സർക്കുലർ വെളിപ്പെടുത്തുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. പൊതു ഇടത്തിലെ സ്നേഹപ്രകടനത്തിന്റെ പേരിൽ ഹോസ്റ്റൽ സമയം വെട്ടിക്കുറക്കുറയ്ക്കുമെന്ന് ആഗസ്ത് മാസം ഭീഷണി സർക്കുലർ പുറത്തിറക്കിയിരുന്നു.