ഭുവനേശ്വർ
സന്തോഷ് ട്രോഫി ഫുട്ബോളിനായി ഭുവനേശ്വറിൽ വണ്ടിയിറങ്ങിയ കേരളം ആശ്വാസത്തിലാണ്. കാലാവസ്ഥ അനുയോജ്യം. കളിക്കാരെല്ലാം പൂർണസജ്ജം. ടീം ഇന്ന് രാവിലെ പരിശീലനത്തിനിറങ്ങും. നാളെ രാവിലെ ഒമ്പതിനാണ് ആദ്യകളി. ഗോവയാണ് എതിരാളി. മൂന്ന് വേദികളിലാണ് മത്സരം. സെമി, ഫൈനൽ മത്സരങ്ങൾ ഇക്കുറി സൗദി അറേബ്യയിലാണ്.
രണ്ട് ഗ്രൂപ്പിലായി 12 ടീമുകൾ മത്സരിക്കും. 10 ദിവസം ആകെ 30 കളി. ഫെബ്രുവരി 10 മുതൽ 20 വരെ ഒരുദിവസമൊഴികെ മൂന്നുവീതം മത്സരങ്ങളാണുള്ളത്. 16ന് വിശ്രമമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമി കളിക്കാൻ ഗൾഫിലേക്ക് പറക്കും. ബംഗാൾ 32 തവണ ജേതാക്കളും 14 തവണ റണ്ണറപ്പുമാണ്. പഞ്ചാബ് എട്ടുതവണവീതം ഒന്നും രണ്ടും സ്ഥാനം നേടി.
കേരളം ഏഴുതവണ കിരീടം നേടിയപ്പോൾ എട്ട് പ്രാവശ്യം രണ്ടാമതായി. കഴിഞ്ഞ മൂന്നുതവണയിൽ രണ്ട് കിരീടം നേടാനായി. മലപ്പുറം മഞ്ചേരിയിൽ നടന്ന അവസാന ചാമ്പ്യൻഷിപ്പിൽ ബംഗാളിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.