ഇരിട്ടി> ആറളത്തെ വിയറ്റ്നാം ഊരുകൂട്ടത്തിലെത്തിയ മാവോയിസ്റ്റ് സംഘത്തിലെ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കർണാടക സ്വദേശികളായ വിക്രം ഗൗഡ, ജിഷ, ജയണ്ണ എന്നിവർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഊരുകൂട്ടത്തിലെ രണ്ട് വീടുകളിൽ അഞ്ചുപേരാണ് കഴിഞ്ഞ ദിവസം രാത്രി എത്തിയത്. ‘നിങ്ങളും ഞങ്ങൾക്കൊപ്പമുണ്ടാകണം’ എന്ന് ആവശ്യപ്പെട്ട സംഘം ഒന്നര മണിക്കൂർ വീടുകളിൽ ചെലവഴിച്ചു. ഭക്ഷണം കഴിച്ച്, അരി ഉൾപ്പെടെയുള്ള സാധനങ്ങളും വാങ്ങിയാണ് കാട്ടിലേക്ക് പോയത്. സംഘത്തിലെ അഞ്ചാമൻ സോമൻ എന്നയാളാണെന്നാണ് പൊലീസ് നിഗമനം.
ഇരിട്ടി ഡിവൈഎസ്പി സജോഷ് വാഴാളപ്പിന്റെ നേതൃത്വത്തിൽ പൊലീസ് വിയറ്റ്നാമിലെ വീട്ടുകാരുടെ മൊഴിയെടുത്തു. സംശയിക്കുന്നവരുടെ ഫോട്ടോ വീട്ടുകാർ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സംഘത്തിനെതിരെ യുഎപിഎ, ആയുധ നിയന്ത്രണ വകുപ്പുകൾ ചേർത്ത് ആറളം പൊലീസ് കേസെടുത്തു. എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസും മാവോയിസ്റ്റുവിരുദ്ധ സ്ക്വാഡും മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തി.
മുമ്പ് വിയറ്റ്നാമിലെ രജനിയുടെ വീട്ടിലെത്തിയ സംഘം ഭക്ഷണസാധനങ്ങൾ ചോദിച്ചുവാങ്ങിയശേഷം മാവോയിസ്റ്റ് അനുകൂല പോസ്റ്റർ വിതരണംചെയ്തിരുന്നു. തുടർന്ന്, ആറളം പൊലീസ് സ്റ്റേഷൻ പ്രദേശത്ത് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.