തിരുവനന്തപുരം> കേരള ബജറ്റിനെ കുറിച്ചുള്ള പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ലോകത്തു നടക്കുന്നതു കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിക്കുകയാണ്. ജനഹിത കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യമാണ് സർക്കാരിനുള്ളത്. വിമർശകർ കാടു കാണാതെ മരം മാത്രം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്സിഡികൾ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. സംസ്ഥാന ബജറ്റിനെ കേന്ദ്ര ബജറ്റിനൊപ്പം ഉപമിച്ച അംഗങ്ങള് പ്രതിപക്ഷത്തുണ്ട്. കേന്ദ്ര ബജറ്റില് കോര്പ്പറേറ്റുകള്ക്കാണ് നികുതി ഇളവ് ഉണ്ടായത്. അഖിലേന്ത്യാ കോണ്ഗ്രസ് നേതൃത്വം ഈ വിഷയത്തില് പ്രതികരണം നല്കി. എന്നാല് സംസ്ഥാനത്തെ കോണ്ഗ്രസുകാര് കണ്ടതായി നടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള് വില്ക്കണം എന്നതാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. എന്നാല് അത്തരത്തിലുള്ള നയമല്ല കേരളത്തിലെ സര്ക്കാരിനെന്നും അടച്ചുപൂട്ടിയ ഫാക്ടറികള് വിലകൊടുത്ത് വാങ്ങിയാണ് ഈ സര്ക്കാര് തുറന്നു പ്രവര്ത്തിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.