തിരുവനന്തപുരം
സർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ 54,535 പുതിയ പട്ടയം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ; 11,356 പട്ടയം. ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് ഏക്കറുകണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്നവർ എത്ര ഉന്നതരായാലും അത് തിരിച്ചുപിടിക്കാൻ സർക്കാരിന് മടിയില്ല. നിയമപരിജ്ഞാനമില്ലാത്തതിന്റെ പേരിൽ സാധാരണക്കാർക്ക് ചട്ടങ്ങളുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ആ ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമി ആ വകുപ്പുകളുടെ അനുമതിയോടെ റവന്യു വകുപ്പിലേക്ക് പുനർനിക്ഷിപ്തമാക്കി ആവശ്യക്കാർക്ക് പട്ടയം വിതരണംചെയ്യും. നിയമസഭയുടെ ഈ സമ്മേളന കാലയളവിൽത്തന്നെ ഭൂപതിവ് നിയമങ്ങളിൽ ഭേദഗതി അവതരിപ്പിക്കും. പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതായിരിക്കും ഭേദഗതി.
നിർമാണ പ്രവർത്തനങ്ങൾക്ക് എൻഒസി കൊടുക്കേണ്ട എട്ട് വില്ലേജിൽനിന്ന് ഇടുക്കി ആനവിലാസം വില്ലേജിനെ ഒഴിവാക്കി. 1971നു മുമ്പുമുതൽ ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് നിർബന്ധമായും പട്ടയം നൽകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.