തിരുവനന്തപുരം> സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്കൂളുകളിൽ 36,366 പുതിയ ലാപ്ടോപ്പുകൾ കൈറ്റ് വഴി ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹൈടക് സ്കൂൾ സ്കീമിൽ ലാബുകൾക്കായി 16,500ഉം വിദ്യാകിരണം പദ്ധതിയിൽ പുതിയ ടെണ്ടറിലൂടെ 2360ഉം വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17,506 ലാപ്ടോപ്പുകളുമാണ് വിതരണം ചെയ്യുക.
ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷ വാറണ്ടിയോടെയാണ് ലാപ്ടോപ്പുകൾ നൽകുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ മുഴുവൻ പൂർത്തിയാക്കി. എയ്സെർ, ഐടിഐ പാലക്കാട് എന്നിവയാണ് ലാപ്ടോപ്പുകൾ നൽകുന്നത്. 15 മുതൽ ആരംഭിക്കുന്ന പത്താംക്ലാസ് ഐടി പ്രായോഗിക പരീക്ഷകൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ഇവയുടെ വിതരണം പൂർത്തിയാകും. ഈ 16,500 ലാപ്ടോപ്പുകൾക്ക് മാത്രമായി 55.32 കോടി രൂപയാണ് ചെലവഴിക്കുന്നത്.
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കൈറ്റിന് ലഭിച്ച 1.05 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ലഭിച്ച 2.99 കോടി രൂപയും പ്രയോജനപ്പെടുത്തി മൂന്നു വർഷ വാറണ്ടിയുള്ള 2360 സെലറോൺ ലാപ്ടോപ്പുകളുടെ വിതരണം ഈ ആഴ്ച പൂർത്തിയായി. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിൽ മാത്രം 4746 ലാപ്ടോപ്പുകൾ പുതുതായി ലഭിച്ചു. 32,000 ലാപ്ടോപ്പുകൾക്കുള്ള എഎംസി (ആനുവൽ മെയിന്റനൻസ് കോൺട്രാക്ട്) രണ്ട് വർഷത്തേക്ക് കൂടി പുതുക്കിയതായും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്കും ഓഫീസുകൾക്കും സർക്കാർ, എംപി, എംഎൽഎ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദേശങ്ങളുടെ അനുബന്ധം ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. സ്കൂളുകളിലെ ഹൈടെക് ലാബുകൾക്കായി ലാപ്ടോപ്പുകൾ അനുവദിക്കുന്നത് ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കൈറ്റ് സിഇഒ അൻവർ സാദത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.