കണ്ണൂർ
‘‘ഞങ്ങൾക്ക് സ്വന്തമായി വീടുണ്ട്. അവിടെ താമസിക്കുന്നതിന് ഒരു പ്രയാസവുമില്ല. അടുത്തദിവസം അങ്ങോട്ടുപോകും’’ – വലിയപറമ്പത്ത് വേലായുധൻ ഇതു പറയുമ്പോൾ തകരുന്നത് മനോരമയുടെ നുണവാർത്ത. പുതിയതെരു ദേശീയപാതയ്ക്കരികിൽ കടകൾക്കുപിന്നിലെ മുറിയിൽ താമസിക്കുന്ന വേലായുധൻ(76), ഭാര്യ ശാന്ത (65), ഭിന്നശേഷിക്കാരനായ മകൻ സുധീഷ് (45), വേലായുധന്റെ സഹോദരി ചന്ദ്രിക (85) എന്നിവരുടെ ജീവിതമാണ് മനോരമ കദനകഥയായി അവതരിപ്പിച്ചത്. 2007–-08ൽ ചിറക്കൽ പഞ്ചായത്ത് ഇഎംഎസ് ഭവന പദ്ധതിയിൽ അരയമ്പേത്ത് വേലായുധന്റെ ഭാര്യ ശാന്തയുടെ പേരിൽ വീട് അനുവദിച്ചിരുന്നു. ഈ വീടുള്ളപ്പോഴാണ് ഇവർ തെരുവിലാണെന്ന തരത്തിൽ മനോരമ വാർത്ത നൽകിയത്.
– ‘ ‘വർഷങ്ങൾക്കുമുമ്പ് അരയമ്പേത്ത് എട്ടുസെന്റ് സ്ഥലത്ത് ഇരുനില കോൺക്രീറ്റ് വീട് നിർമിച്ചിട്ടുണ്ട്. ബൈക്ക് മെക്കാനിക്കായ രണ്ടാമത്തെ മകൻ സുനിലാണ് അവിടെ താമസിക്കുന്നത് . അവൻ അങ്ങോട്ട് വിളിക്കുന്നുണ്ട്. കുറച്ച് ദിവസം കഴിഞ്ഞാൽ പോകും’’. വേലായുധൻ പറഞ്ഞു. ഭിന്നശേഷിക്കാരനായ മകൻ സുധീഷ് ഈ വീടുവിട്ട് വരില്ലെന്ന് വേലായുധൻ പറഞ്ഞു.മകൾ സജിത ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നഴ്സാണ്. അതേപ്പറ്റി മനോരമ മിണ്ടിയില്ല.
ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയൊന്നും വോലയുധനില്ല. ചിറക്കൽ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രുതി ഇടയ്ക്കിടെ വരും. നഴ്സായമകളെ വിളിച്ച് സുധീഷിന്റെ മരുന്ന് ഏതാണെന്ന് ചോദിച്ച് വാങ്ങാൻ ഏർപ്പാടുചെയ്തതും അവരാണെന്ന് വേലായുധൻ പറഞ്ഞു. അരയമ്പേത്തെ വീട്ടിലേക്ക് താമസം മാറാൻ അച്ഛനോടും അമ്മയോടും പലതവണ പറഞ്ഞതായി വേലായുധന്റെ രണ്ടാമത്തെ മകൻ സുനിൽ പറഞ്ഞു. മനോരമ വാർത്ത വലിയ നാണക്കേടായി. താമസിക്കുന്നില്ലെങ്കിൽ എന്തിനാണ് ഈ വീട് ഉണ്ടാക്കിയതെന്ന് ഞാൻ അച്ഛനോട് പലതവണ ചോദിച്ചിട്ടുണ്ട്.- അടുത്ത ദിവസംതന്നെ കുടുംബത്തെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും സുനിൽ പറഞ്ഞു.