തിരുവനന്തപുരം
സ്റ്റൈപെൻഡും സ്കോളർഷിപ്പും നൽകി സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുന്നത് 38 ,695 എസ്സി, എസ്ടി വിദ്യാർഥികളെ. കേരളത്തിലെ വിവിധ സർവകലാശാലകളിലും അതിന് കീഴിലെ സർക്കാർ, എയ്ഡഡ് കോളേജുകളിലെയും വിദ്യാർഥികളുടെ മാത്രംകണക്കാണിത്. 31337 പട്ടികജാതി വിദ്യാർഥികളും 7358 പട്ടികവർഗ വിദ്യാർഥികളുമാണ് ഉള്ളത്. ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികളുടെ കണക്ക് പുറമേയാണ്.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 429 കോടിയാണ് സംസ്ഥാനസർക്കാർ വകയിരുത്തിയത്. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 65 കോടിയും ഒമ്പതിലെയും പത്തിലെയും വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പിന് 7.2 കോടിയും വകയിരുത്തി. പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്കുള്ള അധികസാമ്പത്തികസഹായമായി 103 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിൽനിന്ന് സ്കോളർഷിപ് ലഭിക്കാത്ത പോസ്റ്റ്മെട്രിക് വിദ്യാർഥിൾക്ക് സാമ്പത്തികസഹായം നൽകാനാണിത്.
പട്ടിക വർഗ വിദ്യാർഥികൾക്ക് 8.75 കോടിയുടെ പദ്ധതിയാണ് സംസ്ഥാനം നടപ്പാക്കുന്നത്. സമർഥരായവർക്ക് പ്രോൽസാഹനമായി ഒരുകോടിയുടെ പ്രത്യേകസഹായ പദ്ധതിയുമുണ്ട്. അഞ്ച് മുതൽ പത്തുവരെയുള്ള പ്രതിഭാധനരായ വിദ്യാർഥികൾക്ക് പഠനമികവിനും പഠനേതര പ്രവർത്തനങ്ങൾക്കുമായുള്ള അയ്യൻകാളി ടാലന്റ് ആൻഡ് സെർച്ച് പദ്ധതിക്ക് 85 ലക്ഷം, വിദ്യാർഥികൾക്കുള്ള ലാപ്ടോപ് നൽകാൻ 4.5 കോടി, പ്രീമെട്രിക് സ്കോളർഷിപ്പിന് 93.75 കോടി, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് 8.75 കോടി എന്നിങ്ങനെയാണ് മറ്റ്പദ്ധതികൾ. മറ്റു പിന്നാക്കവിഭാഗങ്ങൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് എട്ട്കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.