തിരുവനന്തപുരം
സംസ്ഥാന സർക്കാർ ബജറ്റിൽ വിഭവസമാഹരണ മാർഗങ്ങൾ നിർദേശിച്ചതിന്റെ പശ്ചാത്തലം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽനിന്ന് ചെറിയതോതിൽ അധിക വരുമാനം ഉറപ്പാക്കി സാമൂഹ്യസുരക്ഷാ സീഡ് ഫണ്ട് രൂപീകരിക്കാനുള്ള ബജറ്റ് നിർദേശത്തെ മാധ്യമങ്ങൾ പർവതീകരിക്കുകയാണെന്നും മന്ത്രി ദേശാഭിമാനിയോട് പറഞ്ഞു.
ജിഎസ്ടിയോടെ സംസ്ഥാന നികുതി അധികാരം പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ ചുരുങ്ങിയിരുന്നു. ഇവയ്ക്കുമേൽ വൻതോതിൽ സെസും സർചാർജും കേന്ദ്രം ചുമത്തുന്നുണ്ട്. പെട്രോൾ ലിറ്ററിന് 20 രൂപ കേന്ദ്ര സെസ് വാങ്ങുമ്പോൾ ഒരു രൂപപോലും സംസ്ഥാനത്തിന് ലഭിക്കുന്നില്ല. വിലവർധനയുടെ യഥാർഥ കാരണം ഇതാണ്. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിലെ ഉൽപ്പന്നത്തിന്മേൽ കടന്നുകയറി സർചാർജും സെസും ചുമത്തുന്ന കേന്ദ്ര നടപടിയാണ് പിൻവലിക്കേണ്ടത്. സംസ്ഥാന വിഹിതം അടിക്കടി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സമീപനം കേരളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുമുണ്ട്.
വരവ്–- ചെലവ് വിടവ് നികത്താൻ കടമെടുപ്പിനും അനുവദിക്കുന്നില്ല. കിഫ്ബിയും പെൻഷൻ കമ്പനിയുമെടുത്ത കടങ്ങൾ സംസ്ഥാന ബാധ്യതയാക്കി കടമെടുപ്പ് അവകാശം വെട്ടിക്കുറയ്ക്കുന്നു. ഈവർഷം 24,000 കോടി കുറച്ചു.
സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് ചില മേഖലയിൽ ചെറുതായി നികുതി വർധിപ്പിക്കുന്നതും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ് തീരുമാനിക്കുന്നതും. സാമ്പത്തികഞെരുക്കം വരുംവർഷവും തുടർന്നേക്കാം. കാൽനൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാനസൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടുവരികയാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യം. അതിനുള്ള ബജറ്റാണ് തയ്യാറാക്കിയതെന്നും ധനമന്ത്രി പറഞ്ഞു.