തിരുവനന്തപുരം
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ബജറ്റിൽ 2000 കോടി രൂപയാണ് ഇതിന് നീക്കിവച്ചത്. 93 ലക്ഷം കാർഡ് ഉടമകളിൽ 42 ശതമാനത്തിനു മാത്രമാണ് കേന്ദ്രം ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നത്. മുൻഗണനേതര കാർഡുകാർ (നീല, വെള്ള)ക്ക് അരി സംസ്ഥാനം നൽകുന്നു. കാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകാൻ 2019–-20ൽ 200 കോടിയാണെങ്കിൽ 20–-21ൽ 238 കോടിയായിരുന്നു ചെലവ്. 2022–-23ൽ ഇതുവരെ 260 കോടി കവിഞ്ഞു.
വിശപ്പ്രഹിത കേരളം തുടരുന്നതിലൂടെ ജില്ലകളിലെ സുഭിക്ഷ ഹോട്ടലുകളിൽ 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്നു. കുടുംബശ്രീപ്രവർത്തകരും സഹകരണസംഘങ്ങളുമാണ് ഹോട്ടലുകൾ നടത്തുന്നത്. ഊണിന് അഞ്ചുരൂപ സർക്കാർ സബ്സിഡിയുമുണ്ട്. സമിതികൾക്ക് സബ്സിഡി നിരക്കിൽ അരി നൽകുന്നു. 2020 മുതൽ കഴിഞ്ഞ ഓണക്കാലംവരെ 14 ഭക്ഷ്യക്കിറ്റുകൾ സർക്കാർ നൽകി. ഓണക്കിറ്റുകൾ ശരാശരി 85 ലക്ഷം കാർഡ് ഉടമകൾക്ക് നൽകി.
പൊതുവിപണിയിൽ 1371 രൂപ വില വരുന്ന 13 ഇന അവശ്യ ഉൽപ്പന്നങ്ങൾ 612 രൂപയ്ക്കാണ് സപ്ലൈകോ വഴി നൽകുന്നത്. സപ്ലൈകോ ഒരുവർഷം ശരാശരി 87,168 ടൺ അരിയും 32 ഇനങ്ങളും സബ്സിഡി നിരക്കിൽ നൽകുന്നുണ്ട്. സംസ്ഥാനത്ത് 817 മാവേലി സ്റ്റോറുകളിലും 30 –- 50 ശതമാനംവരെ വിലക്കുറവുണ്ട്. കൺസ്യൂമർഫെഡുമായി സഹകരിച്ച് 1000 നീതി സ്റ്റോറും 176 ത്രിവേണി സൂപ്പർ മാർക്കറ്റും 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുമുണ്ട്. പായ്ക്കറ്റ് സാധനങ്ങൾക്ക് കേന്ദ്രം ജിഎസ്ടി ഏർപ്പെടുത്തിയപ്പോൾ മാസം ശരാശരി രണ്ടുകോടിയാണ് സപ്ലൈകോയ്ക്ക് ബാധ്യത വന്നത്.