തിരുവനന്തപുരം
സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളെ സംരക്ഷിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ദേശീയ കൺവൻഷൻ തീരുമാനിച്ചു.1989നു ശേഷം നിയമപരമായി അനുവദിക്കേണ്ട മൂലധന നിക്ഷേപം കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. കോവിഡിനെ അതിജീവിക്കാനെന്ന പേരിൽ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളിലോ, കേന്ദ്ര ബജറ്റിലോ ഒരു സഹായവും പ്രഖ്യാപിച്ചില്ല. ഇന്ധനവില വർധനയ്ക്ക് പുറമെ മോട്ടോർ വാഹന നിയമഭേദഗതി നിർദേശങ്ങൾ അടിച്ചേൽപ്പിച്ച് ട്രാൻസ്പോർട്ട് കോർപറേഷനുകളെ തകർക്കാനാണ് കേന്ദ്ര നീക്കം. മാർച്ച് 13 മുതൽ 20 വരെ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ അഞ്ചിന്റെ പാർലമെന്റ് മാർച്ച് വിജയിപ്പിക്കും.
ഹൈദരാബാദ് സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തിൽ നടന്ന അഖിലേന്ത്യ കൺവൻഷൻ എഐആർടിഡബ്ല്യുഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ ലക്ഷ്മയ്യ ഉദ്ഘാടനംചെയ്തു. ജിബൻ സാഹ അധ്യക്ഷനായി. ട്രഷറർ സി കെ ഹരികൃഷ്ണൻ, അറുമുഖ നയനാർ, വി എസ് റാവു, എസ് വിനോദ്, വി ശാന്തകുമാർ, സുജിത് സോമൻ തുടങ്ങിയവർ സംസാരിച്ചു.