കൊച്ചി > സംസ്ഥാന സർക്കാരിന്റെ വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും മാലിന്യ സംസ്കരണ മേഖലയിലെ സംരംഭങ്ങൾക്കും ബാധകമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഈ സംരംഭങ്ങൾ വ്യവസായമാണെന്ന കാഴ്ചപ്പാടിന് അനുസൃതമായ സമീപനം തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച ഗ്ലോബൽ എക്സ്പോയിൽ ഇന്നവേറ്റേഴ്സ് ആന്റ് യങ് എന്റർപ്രണേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരളസൃഷ്ടിക്ക് സഹായമാകുന്ന മാറ്റങ്ങൾക്ക് തുടക്കമാണ് മാലിന്യസംസ്കരണ മേഖലയിൽ പുതിയ കാഴ്ചപ്പാടുകളിലേക്ക് വാതിൽ തുറക്കുന്ന ഗ്ലോബൽ എക്സ്പോ. ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയ൯ നടത്തിയ പ്രഖ്യാപനങ്ങളും നിർദേശങ്ങളും നടപ്പാക്കുന്നതിനാവശ്യമായ പരിസരമൊരുക്കേണ്ടത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണടയുമായി സംരംഭകരെ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങൾ അതത് സമയത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചാണ്. വോട്ടു മാത്രം ലക്ഷ്യമിട്ട് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കാണരുത്. ശുദ്ധവായുവും ജലവും ഉറപ്പാക്കലാണ് തദ്ദേശ സ്ഥാപന ഭരണസമിതികളുടെ പ്രാഥമികമായ ഉത്തരവാദിത്തം. മലിനജലം സംസ്കരിച്ച് ഹാനികരമല്ലാതാക്കി പുറന്തള്ളുന്ന പ്ലാന്റിനെതിരെ സമരം ചെയ്യുന്ന കേരളത്തിലെ ചില സ്ഥലങ്ങളിലെ പ്രവണത ലോകത്തു തന്നെ അപൂർവമായിരിക്കും. കേരളം വികസിത രാജ്യങ്ങൾക്കൊപ്പം വിവിധ രംഗങ്ങളിൽ കൈവരിച്ചിരിക്കുന്ന മുന്നേറ്റം മാലിന്യസംസ്കരണ രംഗത്തും ഉണ്ടാകണം.
സംസ്ഥാനത്ത് 50 കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള വ്യവസായങ്ങളിൽ യന്ത്രസാമഗ്രികളിൽ ചുമത്തുന്ന 18 ശതമാനം നികുതിയിൽ സംസ്ഥാനത്തിന്റെ വിഹിതമായ 9 ശതമാനം സംരംഭകന് തിരികെ നൽകുന്ന നയം മാലിന്യ സംസ്കരണ സംരംഭങ്ങൾക്കും ബാധകമാണ്. മൂലധന സബ്സിഡിയും ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് ഉപാധ്യക്ഷ൯ ഡോ. വി കെ രാമചന്ദ്ര൯ മുഖ്യപ്രഭാഷണം നടത്തി. മാലിന്യ സംസ്കരണം സംബന്ധിച്ച ധവളപത്രം തദ്ദേശ വകുപ്പ് പ്രി൯സിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിന് നൽകി മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഹോളോഗ്രാം കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്കും നവകേരളം – വൃത്തിയുള്ള കേരളം കർമപദ്ധതി ശുചിത്വമിഷ൯ എക്സിക്യുട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്കറും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധര൯ ഓൺലൈനിൽ സമ്മേളന പ്രതിനിധികളുമായി സംസാരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ, ശരത് വി രാജ് എന്നിവർ പങ്കെടുത്തു.