റെയ്ബാൻ ഗ്ലാസ്, മുട്ടനാടിന്റെ ചങ്കിലെ ചോര, മുണ്ട് പറിച്ചുള്ള ഇടി, ചെക്കുത്താൻ ലോറി–- ഇങ്ങനെ മലയാള സിനിമ ആഘോഷിച്ച നിമിഷങ്ങൾ സമ്മാനിച്ച ഭദ്രൻ–-മോഹൻലാൽ കൂട്ടുകെട്ടിന്റെ സ്ഫടികം വീണ്ടും തിയറ്ററിലെത്തുന്നു. ആടുതോമയുടെ ഇരമ്പിയാർക്കുന്ന ബുള്ളറ്റ് ശബ്ദം വ്യാഴാഴ്ച മുതൽ തിയറ്ററിൽ വീണ്ടും അലയടിക്കും. അതും 4കെ ദൃശ്യമികവിൽ ഡോൾബി അറ്റ്മോസിൽ. സംവിധായകൻ ഭദ്രൻ സംസാരിക്കുന്നു:
കാലങ്ങളായുള്ള ആവശ്യം
നിരന്തരമായ അഭ്യർഥനയാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്യുകയെന്നത്. പാലായിലും ഈരാറ്റുപേട്ടയിലുമൊക്കെ മോഹൻലാലിന്റെ പിറന്നാളിന് പിള്ളേര് മോട്ടോർ സൈക്കിളിൽ വീട്ടിൽ വന്ന് സിനിമ വീണ്ടും തിയറ്ററിൽ കാണിക്കാനാകുമോയെന്ന് ചോദിച്ചു. സ്ഫടികം ഒരു ഐകോണിക് സിനിമയാണ്. സിനിമ മുഴുവൻ കാണാനായില്ലെങ്കിലും പകുതിയെങ്കിലും കാണാനാകുമോ, ഒരു രംഗമെങ്കിലും തിയറ്ററിലെ വലിയ സ്ക്രീനിൽ കാണാനാകുമോ എന്നൊക്കെ ചോദിച്ച് വരുന്നവരുണ്ട്. അങ്ങനെയാണ് ഒരിക്കൽ മദ്രാസിൽ പോയപ്പോൾ ജമിനി സ്റ്റുഡിയോയിൽ അതിന്റെ റീൽ അന്വേഷിച്ചത്. എന്നാൽ, അത് അവിടെ ഒരു മൂലയിൽ പൊടിപിടിച്ച് കിടക്കുകയായിരുന്നു. രണ്ടോ മൂന്നോ റീലുകൾ പൂർണമായും നശിച്ചിരുന്നു. സിനിമ വീണ്ടും തിയറ്ററിലെത്തിക്കാൻ കഴിയില്ലെന്നാണ് കരുതിയത്. പക്ഷേ, നിർമാതാവ് ഗുഡ്നൈറ്റ് മോഹനെ വിളിച്ചപ്പോൾ അദ്ദേഹം പടം സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതോടെയാണ് സിനിമ വീണ്ടും എത്തിക്കാനുള്ള തീരുമാനമെടുക്കുന്നത്. റീമാസ്റ്ററിങ് ചെലവുകൾ കണ്ടെത്താനായി ജോമെട്രി എന്ന നിർമാണ കമ്പനി ആരംഭിച്ചു. സുഹൃത്തുക്കളും ഒപ്പം കൂടി. സിനിമ നിർമാണത്തിന്റെ ഭാഗമാകുക എന്നതിനപ്പുറം അവരെല്ലാം സ്ഫടികം വീണ്ടും തിയറ്ററിലെത്തിക്കുന്നതിന്റെ ഭാഗമാകുകയായിരുന്നു.
സംവിധായകൻ ഭദ്രൻ
പുതിയ ടൈറ്റിൽ കാർഡ്
വീണ്ടും തിയറ്ററിലെത്തിക്കുന്ന പതിപ്പ് പുതിയ സാങ്കേതവിദ്യ ഉപയോഗിച്ച് എല്ലാ കാലഘട്ടത്തിലും കാണിക്കാൻ കഴിയുന്ന തരത്തിലാണ്. 4കെ ദൃശ്യമികവിൽ ഡോൾബി അറ്റ്മാസ് ശബ്ദവിന്യാസത്തോടെയാണ്. മോണോ ഓഡിയോയിൽനിന്ന് ഡോൾബിയിലേക്കുള്ള ശബ്ദമാറ്റം. ശബ്ദത്തിൽനിന്ന് സംഭാഷണങ്ങൾമാത്രം വേർതിരിച്ചെടുത്താണ് ഡോൾബി മിക്സ് ചെയ്തത്. സംഭാഷണം ഒഴികെ ബാക്കി ശബ്ദമെല്ലാം അതുപോലെ പുതിയ സാങ്കേതികവിദ്യക്കനുസരിച്ച് മാറ്റിയിട്ടുണ്ട്. മോണോ ഓഡിയോ ആയിരുന്നതിനാൽ പല സ്ഥലത്തും സംഭാഷണങ്ങൾക്ക് മുകളിൽ സംഗീതം കയറിക്കിടക്കുന്നുണ്ട്. സംഗീതം കുറയ്ക്കുമ്പോൾ സംഭാഷണം മങ്ങിപ്പോകും. അതെല്ലാം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റിയെടുത്തു. ഏഴിമല പൂഞ്ചോലയടക്കം പാട്ടുകൾ വീണ്ടും റെക്കോഡ് ചെയ്തു.
സിനിമയിൽ ഇനി സീനുകൾ കൂട്ടിച്ചേർത്താൽ അത് മുഴച്ച് നിൽക്കും. അത്തരം കൂട്ടിച്ചേർക്കലുകൾ സിനിമയുടെ ഘടനതന്നെ മാറ്റും. രംഗങ്ങൾ കൂട്ടിച്ചേർത്താൽ ആളുകൾ അത് സ്വീകരിക്കുകയുമില്ല. എന്നാൽ, സിനിമയുടെ ഫസ്റ്റ് കോപ്പി കാണുമ്പോൾ ചില ഷോട്ടുകൾ സുഖമായി തോന്നിയില്ല. മെച്ചപ്പെടുത്താമെന്ന് തോന്നിയത് മാറ്റി ചെയ്തിട്ടുണ്ട്. അങ്ങനെ പുതിയ 5–-8 ഷോട്ടുകളുണ്ട്.
പഴയ വീടിന് പുതിയ പെയിന്റ് അടിക്കുന്ന രീതിയിലുള്ള പരിഷ്കാരങ്ങളാണ് വരുത്തിയത്. പണ്ടത്തെ കാലത്ത് ടൈറ്റിൽ വെറുതെ എഴുതി കാണിക്കുകയാണ് ചെയ്യുന്നത്. അത് പുതിയകാലത്തിന് ചേരുന്ന രീതിയിൽ മാറ്റി. ഇസിജി തരംഗം പ്രവർത്തിക്കുന്ന രീതിയിലാണ് ടൈറ്റിൽ. ആ തരംഗങ്ങൾ കൂട്ടിമുട്ടുമ്പോൾ സ്ഫോടനം സംഭവിക്കുന്നു. സ്ഫടികം അച്ഛന്റെയും മകന്റെയും ഹൃദയവികാരങ്ങളുടെ സ്ഫോടനത്തിന്റെ കഥയാണ്.
പുതിയത് മോഹൻലാൽ പടം
മോഹൻലാലിനൊപ്പം ഒരു റോഡ് മൂവി ചെയ്യാനൊരുങ്ങുകയാണ്. ഈവർഷം അവസാനം ചിത്രീകരണം ആരംഭിക്കും. വലിയ തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ആക്ഷനും ജീവിതവും പ്രണയവുമെല്ലാമുള്ള മോഹൻലാലിന്റെ ഗംഭീര വേഷമാണ്. സാധാരണ ജീവിതത്തിൽനിന്ന് വ്യത്യസ്തമായ ‘ലാർജർ താൻ ലൈഫ്’ കഥാപാത്രം തന്നെയായിരിക്കും. സിനിമ എപ്പോഴും അങ്ങനെയാണ്. സാധാരണ ജീവിതങ്ങൾ പറയുന്ന കഥകളുണ്ട്. എന്നാൽ, അവ ടിവിയിലുമൊക്കെയായി മറ്റു പ്ലാറ്റ്ഫോമുകളിൽ കാണാം. സിനിമ തിയറ്ററിൽ ആഘോഷിക്കപ്പെടുന്നത് വലിയ സ്ക്രീനിലെ കാഴ്ചയാകുമ്പോഴാണ്. പിന്നെ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗണ്ടൊക്കെ വച്ചുള്ള കളിയിലൂടെയാണ്. ഇതിനായുള്ള ഉള്ളടക്കം നമ്മൾ തെരഞ്ഞെടുക്കണം. ഇത്തരമൊരു സിനിമയാണ് മോഹൻലാലിനൊപ്പം ചെയ്യുന്നത്. തിരക്കഥ പൂർത്തിയാക്കി.
മോഹൻലാൽ സിനിമ വൈകുകയാണെങ്കിൽ നേരത്തേ പ്രഖ്യാപിച്ച ജൂതൻ ചെയ്യും. ഷൈൻ നിഗമാണ് നായകൻ. ആദ്യം സൗബിനെയാണ് ആലോചിച്ചത്. എഴുതി വന്നപ്പോൾ സൗബിന് ചേരാതെ വന്നു.
പ്രശ്നം മോഹൻലാലിന്റെയല്ല
മോഹൻലാലിന് അദ്ദേഹത്തിന്റേതായ പ്രത്യേക ശരീരഭാഷയുണ്ട്. ഏത് വേഷവും ചെയ്യാനാകും. ഞാനൊരു സിനിമ ചെയ്യുന്നതുകൊണ്ട് പറയുന്നതല്ല. ഒറ്റ സിനിമകൊണ്ട് ആരെക്കാളും ശക്തിയായി തിരിച്ചുവരാൻ കഴിയുന്ന ആളാണ്. കൊശവന്റെ കൈയിലെ കളിമണ്ണ് പോലെയാണ് മോഹൻലാൽ. നമ്മുടെ കൈപാങ്ങിന് ഇണങ്ങിത്തരുന്ന കളിമണ്ണാണ് മോഹൻലാൽ. സിനിമകൾ മോശമാകുന്നതിന്റെ കാരണം മോഹൻലാൽ ഒന്നുമല്ല. അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്ന ഉള്ളടക്കത്തിന്റെ ദാരിദ്ര്യമാണ്.
താരമായി മാത്രമല്ല സ്ഫടികത്തിൽ മോഹൻലാലിനെ കണ്ടത്. സ്ഫടികത്തിൽ ഇടി കൊടുക്കുകയും കൊള്ളുകയും ചെയ്യുന്നുണ്ട്. സാധാരണ നായകന്മാരെ ഇടിക്കാൻ സ്റ്റണ്ട് മാസ്റ്റർമാർ സമ്മതിക്കാറില്ല. ആടുതോമ ഇടിക്കുകയും ഇടികൊള്ളുകയും വേണമെന്ന് ത്യാഗരാജൻ മാസ്റ്ററോട് പറഞ്ഞു. മനുഷ്യ ശരീരത്തിൽ ഇടി കൊണ്ടാൽ വേദനിക്കും, മുറിവുണ്ടാൽ ചോര വരും.
ഹീറോ മാനിയ ആവശ്യവില്ല. സാധാരണ മനുഷ്യന് സങ്കടമുണ്ടാകും. കണ്ണീര് വരും. പ്രതികരിക്കുന്ന മനുഷ്യനിൽ നായകനെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതുപോലെതന്നെ മോഹൻലാലിലെ താരത്തിനെയും ഉപയോഗിക്കുന്ന ചിത്രമാണ് ചെയ്യാൻ പോകുന്നത്. പ്രേക്ഷകന് ആവശ്യവും ഇത്തരത്തിലൊരു മോഹൻലാൽ ചിത്രമാണ്. കുറച്ച് പരുക്കനും തന്റേടിത്തരമൊക്കെയുള്ള മിടുക്കനായിട്ടുള്ള ഏത് പ്രശ്നത്തിലേക്കും കടന്നു ചെല്ലാനും അത് പരിഹരിക്കാനുമൊക്കെ കഴിയുന്ന നായകനെയാണ്.