വാഷിങ്ടൺ> അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചാര ബലൂൺ വെടിവച്ചിട്ടെന്ന് റിപ്പോർട്ട്. അമേരിക്കയുടെ തെക്കുകിഴക്കൻ തീരമേഖലയിൽവച്ചാണ് ചൈനയുടേതെന്ന് ആരോപിക്കപ്പെട്ട ചാര ബലൂൺ വെടിവച്ചിട്ടത്. ചെറു സ്ഫോടനത്തിനുശേഷം ബലൂൺ സൗത്ത് കരോലിന തീരമേഖലയ്ക്കു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. യുദ്ധ വിമാനം ഉപയോഗിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്.
ഇതിന്റെ ഭാഗമായി മേഖലയിലെ മൂന്ന് വിമാനത്താവളങ്ങൾ അടച്ചിടുകയും വിമാന സർവീസ് നിരോധിക്കുകയും ചെയ്തിരുന്നു. ഭീഷണി പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ബലൂൺ വെടിവച്ചിട്ടത്. എന്നാൽ, അമേരിക്കയുടെ ആരോപണം തള്ളിയ ചൈന അന്വേഷണവും പ്രഖ്യാപിച്ചു. അതിനിടെ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈന സന്ദർശനം നീട്ടിവച്ചിരുന്നു.