കൊച്ചി> സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം ഉണ്ടായാൽ കേരളത്തെ സമ്പൂർണ്ണ മാലിന്യവിമുക്ത സംസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്ന് മന്ത്രി എം ബി രാജേഷ്. എറണാകുളം മറൈൻഡ്രൈവിൽ ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി- ജിഇഎക്സ് കേരള 23-ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഖരമാലിന്യ സംസ്ക്കരണത്തിൽ നമ്മുക്ക് പുരോഗതിയുണ്ട്. എന്നാൽ ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ളവയുടെ സംസ്ക്കരണത്തിൽ ഏറെ മുന്നോട്ടു പോകാനുണ്ടെന്നും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മാലിന്യസംസ്ക്കരണം ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഇല്ലാതെ ഇവിടെ നടപ്പിലാക്കുവാൻ കഴിയും. വിഭവ പരിമിതിയും നമ്മുക്കില്ല. ഫണ്ടിന്റെ അഭാവവുമില്ല. ലോകബാങ്ക് സഹായത്തോടെയുള്ള നിരവധി പദ്ധതികളുമുണ്ട്. നിലവിൽ ഒറ്റ തടസം മാത്രമാണുള്ളത്. സമൂഹത്തിന്റെ മനോഭാവം. ഇതിൽ മാറ്റം ഉണ്ടായാൽ കേരളത്തെ സമ്പൂർണ്ണ മാലിന്യവിമുക്ത സംസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
സാമൂഹ്യ പുരോഗതിയിൽ വിദേശരാജ്യങ്ങളുടെ നേട്ടങ്ങൾക്കൊപ്പം എത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മാലിന്യ സംസ്ക്കരണത്തിൽ നേട്ടം കൈവരിക്കാനായിട്ടില്ല. കേരളത്തിൽ ആദ്യമായാണ് മാലിന്യ സംസ്ക്കരണ രംഗത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് അന്തർദേശീയ എക്സിബിഷനും കോൺക്ലേവും സംഘടിപ്പിക്കുന്നത്. സമ്പൂർണ മാലിന്യവിമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, വിജയ മാതൃകകൾ, പുതിയ ആശയങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനാണ് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
ചർച്ചകൾക്ക് വേണ്ടിയാണ് കോൺക്ലേവും സംഘടിപ്പിച്ചിരിക്കുന്നത്. 1200 തദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ പങ്കെടുക്കുന്നുണ്ടെന്നും മാലിന്യസംസ്ക്കരണത്തിൽ കക്ഷി രാഷ്ട്രീയമില്ലാതെ നാട് ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി പറഞ്ഞു.