കൽപ്പറ്റ> ഛർദിയും വയറുവേദനയും ബാധിച്ച് ചികിത്സ തേടിയ വിദ്യാർഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിലെ 98 വിദ്യാർഥികൾക്കാണ് ചർദിയും വയറിളക്കവും ബാധിച്ചത്. ഇവർ പലസമയങ്ങളിലായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് നേരത്തേ പ്രതിരോധം ഊർജിതമാക്കിയിരുന്നു. സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ നേരത്തേ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. പൊതുജനം ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ജനുവരി 24ന് ഒരു കുട്ടിക്കാണ് ആദ്യമായി ലക്ഷണം ആരംഭിച്ചത്. തുടർന്ന് 27ന് 11 കുട്ടികൾക്കും 30ന് 66 കുട്ടികൾക്കും സമാന ലക്ഷണമുണ്ടായി. ആർക്കും ഗുരുതര പ്രശ്നമില്ലെങ്കിലും കുട്ടികൾ ആരോഗ്യ വകുപ്പിന്റെ സജീവ നിരീക്ഷണത്തിലാണ്. കുടിവെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.