തിരുവനന്തപുരം> വയനാട്ടിലേക്ക് തുരങ്കപാത പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കല് നടപടി ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഫോറസ്റ്റ് ക്ലിയറന്സിനുള്ള അപേക്ഷ വനം വകുപ്പിന്റെ പരിഗണനയിലാണെന്നും ടി സിദ്ദിഖിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവില് തുരങ്കപാത, ചുരം റോഡ്, പര്വ്വത് മാല പദ്ധതി എന്നിവയാണ് സര്ക്കാരിന് മുന്നിലുള്ളത്. വയനാട് ജില്ലയെ പ്രത്യേകം പരിഗണിച്ച് കൊണ്ടാണ് സർക്കാർ മുൻപോട്ട് പോകുന്നത്. വയനാട് ജില്ലയുടെ കാര്യത്തിൽ പ്രത്യേകം ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വയനാട്ടിലേക്ക് എത്തിച്ചേരുന്നതിനുള്ള പശ്ചാത്തലസൗകര്യം വര്ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് ഈ ശ്രദ്ധക്ഷണിക്കലിലൂടെ ഉന്നയിക്കുന്നത്. വയനാട്ടിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടണം എന്നത് വയനാട്ടുകാരുടെ മാത്രം ആവശ്യമല്ല. അത് കേരളത്തിന്റെ ആകെ ആവശ്യമാണ്. വയനാട്ടിലേക്ക് മികച്ച ഗതാഗതസൗകര്യമൊരുക്കുന്നത് കേരളത്തിലെ കാര്ഷിക-ടൂറിസം മേഖലകളില് കൂടുതല് മുന്നേറ്റത്തിന് വഴിയൊരുക്കും എന്നതാണ് സര്ക്കാരിൻ്റെ കാഴ്ച്ചപ്പാട്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ സർവകാല റെക്കോർഡാണ് കഴിഞ്ഞ വർഷം വയനാട് സാധ്യമായത്.
വയനാടിൻ്റെ സമഗ്രവികസനം സാധ്യമാക്കുന്നതിൻ്റെ ഭാഗമായാണ് വയനാട്ടിലേക്ക് തുരങ്കപാത എന്ന തീരുമാനം ഇടതുമുന്നണി സര്ക്കാര് കൈക്കൊണ്ടത്. ആനക്കാംപൊയില്-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാര്ത്ഥ്യമാക്കാന് ഈ സര്ക്കാര് പ്രതിജ്ഞാബദ്ധമാണ്. പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കല് നടപടി ആരംഭിച്ചുകഴിഞ്ഞു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതപഠനവും പുരോഗമിക്കുകയാണ്. നോര്വീജിയന് സാങ്കേതികവിദ്യ കൂടി തുരങ്കപാത നിര്മ്മാണത്തിന് ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി നോര്വയയില് നിന്നുള്ള വിദഗ്ദ്ധ സംഘം അവിടെ പരിശോധന നടത്തിയിരുന്നു. തുരങ്കപാത യാഥാര്ത്ഥ്യമാക്കുന്നതില് ഇപ്പോള് .ലിന്റോ ജോസഫ് എംഎല്എ-യും ടി.സിദ്ദിഖ് എംഎല്എ-യുമെല്ലാം വകുപ്പിനൊപ്പം നല്ല ഇടപെടല് നടത്തുന്നതില് സന്തോഷമുണ്ട്.
അതോടൊപ്പം നിലവിലുള്ള പ്രധാനപ്പെട്ട പാതയായ താമരശ്ശേരി ചുരം ഉള്പ്പെടുന്ന റോഡിന്റെ വികസനം സാധ്യമാക്കുന്നതിനും സര്ക്കാര് ശ്രമിക്കുകയാണ്. ദേശീയപാത 766-ന്റെ ഭാഗമാണ് താമരശ്ശേരി ചുരം ഉള്പ്പെടുന്ന മേഖല. ഇതില് കോഴിക്കോട് മലാപ്പറമ്പ് മുതല് മുത്തങ്ങ വരെയുള്ള റോഡ് വികസനത്തിനുള്ള നിര്ദ്ദേശമാണ് സംസ്ഥാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമര്പ്പിച്ചിരിക്കുന്നത്. ഇതില് പുതുപ്പാടി മുതല് മുത്തങ്ങ വരെയുള്ള ഭാഗത്ത് (ചുരം ഉള്പ്പെടുന്ന മേഖല) ഡി.പി.ആര് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. വനഭൂമി ലഭ്യമായാല് മാത്രമേ നമുക്ക് ഈ വികസനം പൂര്ത്തിയാക്കാന് കഴിയു. നേരത്തെ വനഭൂമി വിട്ടുകിട്ടിയ 6,7,8 വളവുകള് വികസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രത്യേകമായി നടപ്പാക്കാന് കഴിയുമോ എന്ന കാര്യം പരിശോധിക്കുകയാണ്. Morth- ( കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം )മായി ഇക്കാര്യം സംസാരിക്കാന് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി ചുരം റോഡിന്റെ വികസനം സാധ്യമാക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു.
അതോടൊപ്പം പര്വ്വത് മാല പദ്ധതിയില് ഉള്പ്പെടുത്തി അടിവാരം- ലക്കിടി റോപ് വേ നിര്മ്മിക്കാനുള്ള നിര്ദ്ദേശം സംസ്ഥാനം കേന്ദ്രസര്ക്കാരിന് മുന്നില് സമര്പ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭ്യമാക്കാനുള്ള പ്രവര്ത്തനം നടത്തുകയാണ്.
മറ്റ് ബദല് റോഡുകളുടെ സാധ്യത നേരത്തെ പരിശോധിച്ചിരുന്നു. എന്നാല് ഇത് സാധ്യമാക്കുന്നതിന് വനഭൂമി വലിയ തോതില് ആവശ്യമായിവരും എന്നതിനാല് പലതും ഉപേക്ഷിക്കുകയാണ് ചെയ്തത്. കടിയങ്ങാട് – പെരുവണ്ണാമൂഴി – പൂഴിത്തോട് – പടിഞ്ഞാറെതറ ബദൽ റോഡിനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കടിയങ്ങാട് മുതൽ പൂഴിത്തോട് വരെ പ്രവർത്തി നടപ്പിലാക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള റീച്ചിൽ കേന്ദ്ര വനം മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാത്തതിനാൽ പ്രവർത്തികൾ നടപ്പിലാക്കാൻ ആയില്ല. മുൻ മന്ത്രിയും പേരാമ്പ്ര എംഎല്എയുമായ ടി പി രാമകൃഷ്ണൻ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തുകയും ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇക്കാര്യവും കേന്ദ്ര വനം വകുപ്പുമായി ചർച്ച ചെയ്യേണ്ടതാണ്. മന്ത്രി പറഞ്ഞു.