തേഞ്ഞിപ്പാലം > നിരോധിത ലഹരി വിഭാഗത്തിൽപ്പെട്ട ഹാൻസ് വിദ്യാർത്ഥികൾക്ക് വിൽപന നടത്തിയ വേങ്ങര സ്വദേശിയായ യുവാവിനെ വാഹനം സഹിതം പിടികൂടി. മലപ്പുറം വേങ്ങര വലിയോറ സ്വദേശി ഞണ്ടുകണ്ണി ഇബ്രാഹിം ആണ് പിടിയിലായത്.
വാഹനത്തിൽ നിന്നും 1500 ഓളം പാക്കറ്റ് ഹാൻസ് പിടികൂടി. കഴിഞ്ഞ വർഷം ജനുവരിയിൽ തൃശ്ശൂർ ഒല്ലൂരിൽ ഇയാളെ നിരോധിത ഹാൻസുമായി പിടികൂടിയിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.